‘പരീക്ഷ ഭയം’: കർണാടകയിൽ വിദ്യാർത്ഥി കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
കർണാടകയിൽ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ജീവനൊടുക്കി. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയാണ് 6 നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്. പരീക്ഷാഭയമാണ് ഇരുപതുകാരനായ വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് പിന്നിലെന്ന് നിഗമനം.
ബിഹാർ സ്വദേശി സത്യം സുമൻ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കോളജ് ക്യാമ്പസിലെ 6 നിലയുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് സത്യം താഴേക്ക് ചാടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരീക്ഷാഭയമാണ് ആത്മഹത്യാ കാരണമെന്നാണ് നിഗമനം. കോളജിൽ നടന്നുകൊണ്ടിരുന്ന പരീക്ഷ എഴുതാൻ സുമന് ഭയമായിരുന്നുവെന്ന് സഹപാഠികൾ പൊലീസിനോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മണിപ്പാൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സുമൻ കോളജ് കെട്ടിടത്തിൽ നിന്നും ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.