Tuesday, April 22, 2025
Latest:
Kerala

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി

Spread the love

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് കൈമാറേണ്ടത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ, അനുമതിയില്ലാതെ പരിശോധിച്ചതില്‍ ജില്ലാ സെഷന്‍സ് ജഡ്ജാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കിയിരുന്നില്ല. അത് നൽകാനാണ് ഇപ്പോൾ കോടതി നിർദേശിച്ചിരിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് വിചാരണ സമയത്തും അതിന് മുന്‍പും മൂന്ന് തവണ പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഇത് മൂന്നും രാത്രിയിലാരുന്നു എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.