മുഖ്യമന്ത്രി വയനാട്ടിലെത്തണം; സർവകക്ഷി യോഗം ബഹിഷ്കരിച്ച് കോൺഗ്രസ്
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയൻ വായനാട്ടിലെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വനംമന്ത്രി രാജിവയ്ക്കണമെന്നും എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ചർച്ച നടക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞു. പിന്നാലെ കോൺഗ്രസ് എംഎൽഎ മാർ സർവകക്ഷി യോഗം ബഹിഷ്കരിച്ച് ഇറങ്ങി വന്നു. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സർവ്വ കക്ഷിയോഗം വിളിച്ചത്. മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തിയത്.
ഒറ്റക്ക് വരാൻ പറ്റാത്തത് കൊണ്ടല്ലേ വനംമന്ത്രി മറ്റു രണ്ടു മന്ത്രിമാരെ കൂട്ടി വന്നതെന്ന് ടി സിദ്ദീഖ് എംഎൽഎ പറഞ്ഞു. സർവകക്ഷി യോഗം ബഹിഷ്കരിക്കുകയാണെന്നും സിദ്ദീഖ് അറിയിച്ചു. അതേസമയം കാട്ടാന ആക്രമണത്തിൽ തുടർ മരണങ്ങൾ ഉണ്ടായതോടെ യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകൽ സമരവും ഇന്ന് നടക്കും. രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തിൽ മരിച്ചവരുടെ വീടുകളിൽ എത്തും. മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
ഇതിനിടെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഭീതിയോട് ജീവിക്കുന്ന ജനങ്ങളെ കാണേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വനംവകുപ്പ് മന്ത്രിക്ക് നേരിട്ട് വരാൻ ഭയന്നിട്ടാണ് രണ്ട് മന്ത്രിമാരെ കൂട്ട് വിളിച്ച് വന്നത്, എ കെ ശശീന്ദ്രൻ നടക്കുന്നത് കണ്ടാൽ അദ്ദേഹത്തെ ആരോ മയക്കുവെടിവെച്ചത് പോലെയുണ്ടെന്നും പറ്റില്ലെങ്കിൽ സ്ഥാനം ഒഴിഞ്ഞ് പോകണമെന്നും അദ്ദേഹം പറഞ്ഞു.