കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഭാരത് ജോഡോ യാത്രയില്‍ നിന്ന് അഖിലേഷ് യാദവ് വിട്ടുനിന്നേക്കും
ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വിട്ടുനിന്നേക്കും. ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്ര അമേഠിയില്‍ എത്തുമ്പോള്‍ പങ്കെടുക്കും എന്നാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് നേരത്തെ അറിയിച്ചത്. എന്നാല്‍ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് അഖിലേഷ് യാദവിന്റെ തീരുമാനം. ഉത്തര്‍പേദേശിലെ സീറ്റ് വിഭജനം സംബന്ധിച്ച് ആദ്യം തീരുമാനം ആകട്ടെ എന്നാണ് അഖിലേഷിന്റ നിലപാട്.
80ല്‍ 15 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് നല്‍കാനാകൂ എന്ന് അഖിലേഷ് ആവര്‍ത്തിച്ചു. വൈകീട്ട് നാലിന് ബാബു ഗഞ്ചില്‍ നടക്കുന്ന മഹാ സമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പങ്കെടുക്കും.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിന് ഇന്ന് അമേഠി ഒരിക്കല്‍കൂടി വേദിയാകും. 2019ല്‍ കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനി, തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനുള്ള പ്രചാരണ പരിപാടി ഇന്ന് മുതല്‍ ആരംഭിക്കും.