രാജസ്ഥാൻ മുൻ മന്ത്രി മഹേന്ദ്രജീത് മാളവ്യ ബിജെപിയിൽ ചേർന്നു
രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി. നാല് തവണ എംഎൽഎയും മുൻ മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു. ജയ്പൂരിലെ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ രാജസ്ഥാൻ്റെ ചുമതലയുള്ള അരുൺ സിംഗ്, സംസ്ഥാന ഘടകം മേധാവി സി.പി ജോഷി എന്നിവർ മുൻ എംപി കൂടിയായ മാളവ്യയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഞായറാഴ്ച ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗമാണ് തന്നെ സ്വാധീനിച്ചതെന്നും, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് വിസമ്മതിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൻസ്വാര ജില്ലയിലെ ബാഗിദോരയിൽ നിന്നുള്ള എംഎൽഎയാണ് മാളവ്യ. 2008 മുതൽ മാളവ്യ എംഎൽഎയാണ്. 2008 മുതൽ 2013 വരെയും 2021 മുതൽ 2023 വരെയും അദ്ദേഹം ക്യാബിനറ്റ് മന്ത്രിയായി. 1998ൽ ബൻസ്‌വാരയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.