Kerala

‘വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം, സുരക്ഷ ഉറപ്പാക്കണം’; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വി ഡി സതീശൻ

Spread the love

വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി അക്രമത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം.

തുടച്ചയായി വന്യജീവി അക്രമത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുമ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. *സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ വനംമന്ത്രി നിഷ്‌ക്രിയനും നിസംഗനുമായി ഇരിക്കുകയായിരുന്നു. നിയമസഭയിലും പുറത്തും ഈ വിഷയം നിരവധി തവണ ഉന്നയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. സംസ്ഥാന വ്യാപകമായി ഈ പ്രശ്‌നമുണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതികളുമില്ല. ഞാന്‍ മന്ത്രി ആയതു കൊണ്ടാണോ ആന കാട്ടില്‍ നിന്നും വരുന്നതെന്നാണ് വനംമന്ത്രി ചോദിച്ചത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കൊണ്ടോ ശശീന്ദ്രന്‍ മന്ത്രിയായതു കൊണ്ടോ അല്ല ആന കാട്ടില്‍ നിന്നും ഇറങ്ങി വരുന്നത്. പക്ഷെ ഇതിനെയൊക്കെ നേരിടാന്‍ സര്‍ക്കാരിന് പദ്ധതികളുണ്ടാകണം. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൃഷിനാശമുണ്ടായവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല.

ഏഴായിരത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ഈ ഡിസംബര്‍ വരെ 85 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. മാനന്തവാടിയില്‍ കര്‍ഷകനെ കാട്ടാന കൊലപ്പെടുത്തിയ സംഭവം നിയമസഭയില്‍ കൊണ്ടു വന്നിട്ടും സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്? ആനയെ തളയ്ക്കാന്‍ പോലും സാധിച്ചിട്ടില്ല.

ജനങ്ങള്‍ ഭീതിയിലാണ്. ബത്തേരിയില്‍ മാത്രം 5 കടുവകളാണ് ഇറങ്ങിയിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീടിന് പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്. എന്നിട്ടും ഇതൊന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതികളുമില്ല. നടപടിയെടുക്കേണ്ടത് വനംവകുപ്പാണ്. അല്ലാതെ എം.പിമാരും എം.എല്‍.എമാരുമല്ല.

മോദിയും പിണറായിയും ഒരു പോലെയാണ്. കേരളത്തിലും ഡല്‍ഹിയിലും ആരും സമരം ചെയ്യാന്‍ പാടില്ലെന്ന നിലപാടിലാണിവര്‍. അതുകൊണ്ടാണ് വയനാട്ടില്‍ പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടത്. ഇവര്‍ ഏകാധിപതികളാണ്. മരണഭീതിയില്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കും. അവരെ തീവ്രവാദികളായി ചിത്രീകരിക്കേണ്ട. സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരിക്കുമ്പോഴാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.

വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയത്തിന് പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടുണ്ട്. ദേശീയതലത്തില്‍ ഇതൊരു വിഷയമായി കൊണ്ടുവരണം. ഇക്കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകടനപത്രികയിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനൊക്കെ പുറമെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം. ഇത്രയും നിഷ്‌ക്രിയത്വം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

വിഷയം നിയമസഭയില്‍ അവതരിപ്പിക്കാനും ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യാനും മാത്രമെ എം.എല്‍.എമാര്‍ക്ക് സാധിക്കൂ. അവര്‍ക്കെതിരെ സംഘര്‍ഷത്തിന് പോയിട്ട് കാര്യമില്ല. ജനപ്രതിനിധികളെയും നേതാക്കളെയും കാണുമ്പോള്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്.

അല്ലാതെ അവരുടെ മെക്കിട്ടു കയറാന്‍ പൊലീസിനെ അയച്ചിട്ട് കാര്യമില്ല. മനന്തവാടിയില്‍ ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും സ്ഥലത്തുണ്ടായിരുന്നില്ല. എം.എല്‍.എമാരാണ് ജനങ്ങളെ സമാധാനിപ്പിച്ചതെന്നും വി ഡി സതീശൻ വ്യക്തമാക്കി.