വയനാട്ടില്‍ ജനങ്ങളുടെ ദീനരോദനം, വനംമന്ത്രിയെ എത്രയും വേഗം പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം: ടി സിദ്ധിഖ് എംഎല്‍എ
വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ടി സിദ്ധിഖ് എംഎല്‍എ. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലേക്ക് വനംവകുപ്പ് മന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് ടി സിദ്ധിഖ് എംഎല്‍എ കുറ്റപ്പെടുത്തി. വയനാട് ജനതയെ കരുതി ഈ വനംവകുപ്പ് മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും ടി സിദ്ധിഖ് എംഎല്‍എ ആഞ്ഞടിച്ചു.
വയനാട്ടില്‍ മനുഷ്യരുടെ ദീന രോദനം ഉയരുകയാണെന്ന് ടി സിദ്ധിഖ് എംഎല്‍എ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വയനാട്ടില്‍ എത്തി പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കണം. വയനാട് മെഡിക്കല്‍ കോളേജ് ശോചനീയവസ്ഥയുടെ ഇര കൂടിയാണ് ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോള്‍. ചികിത്സ നല്‍കാന്‍ വൈകിയത് പോളിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായി. വയനാട് മെഡിക്കല്‍ കോളജില്‍ എയര്‍ ലിഫ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ടി സിദ്ധിഖ് എംഎല്‍എ ആവശ്യപ്പെട്ടു.
വയനാട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ഇന്നലെ ആന ചവിട്ടിക്കൊന്ന വനംവകുപ്പ് ജീവനക്കാരന്‍ പോളിന്റെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചു.
മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ബസ് സ്റ്റാന്റിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കുടുംബത്തിന്റെ ആവശ്യം അംഗീക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.