Monday, January 27, 2025
Kerala

എക്സൈസ് ഉദ്യോഗസ്ഥർക്ക് 30000 വീതം 15 തവണ വര്‍ഷം നൽകുന്നു: ഇനി മാസപ്പടി നൽകില്ല, ഉറപ്പിച്ച് ബാർ ഉടമകൾ

Spread the love

തൃശ്ശൂര്‍: തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങൾ തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. വർഷത്തിൽ 15 തവണ മുപ്പതിനായിരം രൂപ വീതം ബാര്‍ ഒന്നിന് നൽകേണ്ടി വന്നെന്ന പരാതിയിലാണ് സംഘടന തീരുമാനമെടുത്തത്. തൃശൂർ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമാണ് ബാര്‍ ഉടമകൾ ഉയര്‍ത്തുന്നത്

ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ, ഇരിങ്ങാലക്കുട മേഖലാ യോഗത്തിലാണ് അംഗങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയത്. ഇനിയും കൈക്കൂലി ആവശ്യപെട്ടാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അംഗങ്ങൾ വ്യക്തമാക്കിയത്. തൃശൂർ ജില്ലയിൽ ഒരു ബാര്‍ മുപ്പതിനായിരം രൂപ പ്രതിമാസം എക്സൈസ് സംഘത്തിന് കൈക്കൂലി നൽകുന്നുവെന്നാണ് ബാറുടമകൾ പറയുന്നത്. 12 മാസവും മാസപ്പടി നൽകുന്നതിന് പുറമെ മൂന്ന് ഉത്സവ സമയത്തും മാസപ്പടി നൽകേണ്ടി വരുന്നുണ്ട്. പരാതി വ്യാപകമായതോടെയാണ് കൈക്കൂലി നൽകേണ്ടെന്ന തീരുമാനം സംഘടന വീണ്ടും എടുത്തത്. 2017 ൽ സമാന തീരുമാനമെടുത്തിരുന്നു. പുതിയ സാഹചര്യത്തിൽ ആ തീരുമാനം ഒന്നുകൂടെ ഉറപ്പിക്കുകയായിരുന്നെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് പറഞ്ഞു.