അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് വൻ തട്ടിപ്പ്: ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ, കനത്ത ശിക്ഷ വിധിച്ച് കോടതി
ന്യൂയോര്‍ക്ക്: അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് ന്യൂയോര്‍ക്കിലെ കോടതി ശിക്ഷ വിധിച്ചത്. 355 മില്യൺ ഡോളര്‍ പിഴയാണ് പ്രധാന ശിക്ഷ. ഇതിന് പുറമെ ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതിൽ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ട്രംപിനെ കോടതി വിലക്കി.
ന്യൂയോർക്കിലെ ബാങ്കുകളിൽ നിന്ന് അടക്കം വായ്പകൾക്ക് അപേക്ഷിക്കുന്നതിൽ നിന്നും മൂന്ന് വർഷത്തേക്ക് കോടതി ട്രംപിനെ വിലക്കിയിട്ടുണ്ട്. കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നാണ് ട്രംപ് പ്രതികരിച്ചത്. മൂന്ന് മാസത്തോളം നീണ്ട കോടതി നടപടികൾക്കൊടുവിലാണ് ജഡ്‌ജ് ആർതർ എങ്കറോൺ ട്രംപിനെതിരെ വിധി പ്രസ്താവം നടത്തിയത്.