National

ഗോത്ര വിഭാഗത്തിലെ ആദ്യ വനിതാ ജഡ്ജിയായി ‘ശ്രീപതി’: പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ ഒടുവിൽ ജയം; അഭിനന്ദിച്ച് സ്റ്റാലിന്‍

Spread the love

തമിഴ്​നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. തന്റെ പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ എഴുതാനെത്തി ഒടുവിൽ പരീക്ഷയും ജയിച്ച് വനിതാ ജഡ്ജിയായി. ശ്രീപതിയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രംഗത്തെത്തി. വലിയ സൗകരങ്ങളൊന്നും ഇല്ലാത്ത മലയോര ഗ്രാമത്തിലെ ഒരു ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നു സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

സാമൂഹ്യനീതി എന്ന വാക്ക് ഉച്ഛരിക്കാന്‍ പോലും മടിക്കുന്ന തമിഴ്​നാട്ടിലുള്ള പലര്‍ക്കും ശ്രീപതിയുടെ വിജയമാണ് മറുപടി. ഡിഎംകെ സര്‍ക്കാരിന്റെ ദ്രവീഡിയന്‍ മോഡല്‍ പ്രകാരം തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുന്നതായും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിനിയായ ശ്രീപതി തന്റെ ഗ്രാമത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെത്തിയാണ് പരീക്ഷ എഴുതിയത്. നിയമപഠനം കഴിയുന്നതിന് മുന്‍പേ ആയിരുന്നു വിവാഹം. സിവില്‍ ജഡ്ജി നിയമനത്തിനുള്ള മെയിന്‍ പരീക്ഷയുടെ സമയമായപ്പോഴേക്കും പ്രസവത്തിനുള്ള സമയമായിരുന്നു.

പരീക്ഷയ്ക്ക് രണ്ട് ദിവസം മുന്‍പ് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കുഞ്ഞിന് ജനിച്ചതിന് ശേഷം ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കാറില്‍ ചെന്നൈയില്‍ എത്തിയാണ് ശ്രീപതി പരീക്ഷ എഴുതിയത്. 2023 നവംബറിലായിരുന്നു പരീക്ഷ.

തമിഴ്​നാട് പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഓഫീസിന് മുന്‍പില്‍ തന്റെ കുഞ്ഞിനേയും എടുത്ത് നിന്നുള്ള ശ്രീപതിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും അഭിനന്ദനങ്ങള്‍ നിറയുകയും ചെയ്യുകയാണ്.