പ്രതിപക്ഷം മോദി വിരുദ്ധ സംഘം; കോൺഗ്രസ് ഏറ്റവും വലിയ അഴിമതിപ്പാർട്ടി: വിമർശനവുമായി നരേന്ദ്രമോദി
കോൺഗ്രസിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലിയ അഴിമതിപ്പാർട്ടിയാണ് കോൺഗ്രസ് എന്ന് മോദി ആരോപിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് ചിന്തിക്കുന്നില്ല. രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താനും കോൺഗ്രസ് ശ്രമിച്ചിട്ടില്ല. വികസനത്തെ പറ്റി ചിന്തിക്കാനും കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് നരേന്ദ്രമോദി ആരോപിച്ചു.
പ്രതിപക്ഷം മോദി വിരോധ സംഘമാണ്. പ്രതിപക്ഷത്തിന് മോദിക്കെതിരെ പ്രവർത്തിക്കുക എന്ന ഒരൊറ്റ അജണ്ടയെ ഉള്ളൂ. മോദിയെ മോശമാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് കോൺഗ്രസിന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെ മോശക്കാരൻ ആക്കാൻ രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെപ്പോലും കോൺഗ്രസ് എതിർക്കുന്നു. മോദി രാജ്യത്തിനുവേണ്ടി നല്ലത് ചെയ്യുന്നതുകൊണ്ടാണ് കോൺഗ്രസിന് ശത്രുത.
കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തെയാണ് കേന്ദ്രം മരവിപ്പിച്ചത്. ഇന്നലെ മുതൽ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് മെമ്പർഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. 210 കോടിയുടെ രൂപയുടെ കണ്ടുകെട്ടൽ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആ പണം കോർപറേറ്റ് ഫണ്ടിങ് അല്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ്. 2018 -19 ലെ അദായ നികുതി വകുപ്പ് റിട്ടേണ്സ്ന്റെ പേരിൽ തെരഞ്ഞെടുപ്പ് സമയം നോക്കിയാണ് നടപടി. ജുഡീഷ്യറിയിൽ ആണ് കോൺഗ്രസിന് വിശ്വാസം. ജനാധിപത്യത്തെ സംരക്ഷിക്കാൻ തെരുവിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.