രാജി പ്രഖ്യാപിച്ചത് തൃണമൂൽ എംപി മിമി ചക്രവർത്തി
നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രവർത്തി പാർട്ടിയിൽ നിന്നും രാജിവച്ചു. തൻ്റെ മണ്ഡലത്തിലെ പ്രാദേശിക പാർട്ടി നേതൃത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് മിമി രാജിക്കത്ത് കൈമാറി. അതേസമയം ലോക്സഭാ സ്പീക്കർക്ക് രാജിക്കത്ത് അയച്ചിട്ടില്ലാത്തതിനാൽ ഇത് ഔപചാരിക രാജിയായി കണക്കാക്കില്ല.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിമി ചക്രവർത്തി. ഫെബ്രുവരി 13ന് താൻ രാജിക്കത്ത് സമർപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനം അത്ര എളുപ്പമല്ലെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മനസ്സിലാക്കിയെന്നും ചക്രവർത്തി പറഞ്ഞു.
ലോക്സഭാ സ്പീക്കർക്ക് അല്ലാതെ മമത ബാനർജിക്ക് രാജിക്കത്ത് നൽകിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, ടിഎംസിയുടെ അനുമതി ലഭിച്ചാൽ കത്ത് സ്പീക്കർക്ക് സമർപ്പിക്കുമെന്നായിരുന്നു ചക്രവർത്തിയുടെ മറുപടി. പ്രാദേശിക നേതൃത്വം തീരുമാനങ്ങൾ എടുക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് നിഷേധിക്കില്ലെന്ന് മിമി പറഞ്ഞു. തനിക്ക് സന്തോഷമില്ലാത്തിടത്ത് താൻ തുടരില്ലെന്നും മിമി വ്യക്തമാക്കി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാദവ്പൂർ സീറ്റിൽ നിന്നാണ് മിമി ചക്രവർത്തി വിജയിച്ചത്.