ദളിതരുടെ വഴിയടച്ച തമിഴ്നാട്ടിലെ ‘അയിത്ത മതില്‍’പൊളിച്ചുനീക്കി അധികൃതർ
തമിഴ്നാട്ടിലെ അവിനാശി താലൂക്കിലെ ‘അയിത്ത മതില്‍’ പൊളിച്ചു നീക്കി റവന്യൂ വകുപ്പ്. പതിറ്റാണ്ടുകളായി ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലമാണിത്. തൂത്തുകുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മതില്‍ പൊളിക്കാന്‍ ഉത്തരവായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
വിഐപി നഗറില്‍ സവര്‍ണ വിഭാഗം സ്ഥലം വാങ്ങി താമസം തുടങ്ങിയതോടെ ദളിതരുടെ വഴിയടച്ച് മതില്‍ കെട്ടി. ഇതോടെ പൊതുവഴിയിലെത്താന്‍ ഇവര്‍ക്ക് രണ്ട് കിലോമീറ്റര്‍ നടക്കേണ്ടിവന്നിരുന്നു. സേവൂര്‍ ഗ്രാമത്തില്‍ ദളിതര്‍ക്ക് വഴി മുടക്കി നിര്‍മിച്ച മതിലാണ് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.
തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി തിരുപ്പൂരിലെത്തിയ കനിമൊഴിയൊട് പ്രദേശ വാസികള്‍ പരാതി പറയുകയായിരുന്നു. തുടര്‍ന്ന് കനിമൊഴി ജില്ലാ കളക്ടര്‍ ടി ക്രിസ്തുരാജിനെ ബന്ധപ്പെട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്ന് റവന്യു അധികൃതര്‍ എത്തി മതിലിന്‍റെ ഒരു ഭാഗം പൊളിച്ചു മാറ്റി. മതിലിന്‍റെ ശേഷിക്കുന്ന ഭാഗം പൊളിക്കുമെന്നും ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.