National

‘സഭയെയും ജനാധിപത്യത്തെയും ഗവർണർ അപമാനിച്ചു’; ഗവർണറെ വിമർശിച്ച് എം.കെ സ്റ്റാലിൻ

Spread the love

തമിഴ്‌നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാത്ത ഗവർണർ ആർഎൻ രവിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സഭയിൽ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തിയതെന്നും സഭയെയും ജനാധിപത്യത്തെയും ഗവർണർ അപമാനിച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. നയപ്രഖ്യാപനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

സർക്കാർ തയ്യാറാക്കുന്ന നയപ്രഖ്യാപനം അതുപോലെ വായിക്കുകയാണ് ഗവർണറുടെ കടമ. അതു ചെയ്യാതെ, ഗവർണർ ആർ.എൻ രവി നിയമസഭയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ് ചെയ്തത്. ഇതുവഴി നിയമസഭയേയും ജനാധിപത്യത്തെയും ഗവർണർ അപമാനിച്ചു. ഫാസിസത്തിനെതിരെയാണ് ഡിഎംകെയുടെ പോരാട്ടം.അത് തുടരുക ചെയ്യും. വഴിയിൽ കല്ലുകൾ ഉണ്ടെങ്കിൽ അത് തകർക്കുന്ന ചുറ്റികയും തങ്ങളുടെ കൈവശമുണ്ടെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ എൻ രവി സഭ വിട്ടത്. വലിയ വിമർശനം ഇക്കാര്യത്തിൽ ഉണ്ടാവുകയും ചെയ്തു. സഭ തുടങ്ങുമ്പോഴും അവസാനിയ്ക്കുമ്പോഴും ദേശീയ ഗാനം പാടണമെന്നുള്ള തന്റെ ആവശ്യം സർക്കാർ പരിഗണിച്ചില്ലെന്നും നയപ്രഖ്യാപനത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നടപടി.