National

ഹെല്‍മറ്റില്ലാതെ സ്കൂട്ടറോടിച്ചു; ചോദ്യം ചെയ്ത പൊലീസിന്‍റെ കൈക്ക് കടിച്ച് യുവാവ്

Spread the love

ട്രാഫിക് പൊലീസിന്‍റെ വിരലുകൾ കടിച്ച് പരുക്കേല്‍പ്പിച്ച് ബൈക്ക് യാത്രികനായ യുവാവ്. ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ ടെന്‍ത് ക്രോസിലാണ് സംഭവം. കര്‍ണാടക സ്വദേശിയായ സെയ്‌ദ് ഷാഫിക്കെതിരെ പൊലീസ് കേസെടുത്തു. ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി താക്കോല്‍ ഈരിയെടുത്തതിനെ തുടര്‍ന്ന് യുവാവ് ട്രാഫിക് പൊലീസിനോട് ആക്രോശിക്കുകയും തുടര്‍ന്ന് കടിക്കുകയുമായിരുന്നു.

ഉദ്യോഗസ്ഥര്‍ ഊരിയെടുത്ത സ്‌കൂട്ടറിന്‍റെ താക്കോല്‍ തിരിച്ചുനല്‍കണമെന്ന് പറഞ്ഞാണ് കടിച്ചത്. ഇയാള്‍ പൊലീസിനോട് ആക്രോഷിക്കുന്നതും ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതും പുറത്തുവന്ന ദൃശ്യത്തില്‍ വ്യക്തമാണ്. ആക്രമണമേറ്റ പൊലീസുകാരന്‍റെ ഒപ്പമുണ്ടായിരുന്ന ഹെഡ്‌ കോണ്‍സ്റ്റബിള്‍ സിദ്ധരാമേശ്വര കൗജാലഗിയാണ് ഈ ദൃശ്യം പകര്‍ത്തിയത്.

അത്യാവശ്യമായി ആശുപത്രിയിലേക്ക് സഞ്ചരിക്കവെ ഹെല്‍മറ്റ് എടുക്കാന്‍ മറന്നെന്നും ഈ സാഹചര്യത്തിലാണ് തന്നെ പൊലീസ് പിടികൂടിയതെന്നുമാണ് പ്രതിയുടെ വാദം. ആക്രമിച്ചതിനെതിരെയുള്ള വകുപ്പുകള്‍ക്ക് പുറമെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെതിരെയുള്ളത് കൂടെ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.