Kerala

പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ ഞാനും പോകും, പ്രേമചന്ദ്രനെ സംഘിയാക്കാൻ നോക്കിയാൽ ഒറ്റക്കെട്ടായി നേരിടും’ : കെ.മുരളീധരൻ

Spread the love

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി. രാഷ്ട്രീയം വേറെ, വ്യക്തി ബന്ധം വേറെയാണെന്നും പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ താനും പോകുമെന്നും കെ.മുരളീധരൻ വ്യക്തമാക്കി. എൻ.കെ പ്രേമചന്ദ്രനെ സംഘിയാക്കാൻ നോക്കിയാൽ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

സ്വന്തം അന്തർധാര മറച്ചുവയ്ക്കാൻ ഇതുപോലുള്ള കാര്യങ്ങൾ പറയുന്നത് മാർക്‌സിസ്റ്റ് പാർട്ടിയുടെ പാപ്പരത്തത്തിന്റെ ഉദാഹരണമാണ്. നാളെ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ ഞാൻ പോകില്ലേ ? ഞങ്ങൾ തമ്മിൽ എന്താ സ്വത്ത് തർക്കമുണ്ടോ ? രാഷ്ട്രീയമായുള്ള ചേരിതിരിവുണ്ട്. അക്കാര്യത്തിൽ ഉറച്ച് തന്നെ നിൽക്കുന്നുണ്ട്. മോദിയുടെ ഒരു നയത്തിനോടും ഞങ്ങൾക്ക് യോജിപ്പില്ല. എന്നുവച്ച് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാൽ അതില്ലാതാവില്ല’- കെ.മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി പങ്കെടുത്തത്. എംപിയുടെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഇതിന് പിന്നാലെയാണ് കെ.മുരളീധരൻ എംപിയുടെ പിന്തുണ.