Kerala

കേരളത്തിൽ മാത്രമാണ് ഡി.എ തടഞ്ഞ് വച്ചിരിക്കുന്നത്’; ഡി.എ കുടിശിക നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഐ.എ.എസ് അസോസിയേഷന്റെ കത്ത്

Spread the love

ഡി.എ കുടിശിക നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഐ.എ.എസ് അസോസിയേഷന്റെ കത്ത്. കേന്ദ്രം പ്രഖ്യാപിച്ചതിൽ നാലു ശതമാനം കുടിശിക നൽകണമെന്നാണ് ആവശ്യം. കേരളത്തിൽ മാത്രമാണ് ഡി.എ തടഞ്ഞ് വച്ചിരിക്കുന്നതെന്നും കത്തിൽ ചൂണ്ടികാട്ടുന്നു. കത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നൽകി.

2023 ജൂലൈയിൽ കേന്ദ്രം ഡി.എ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർത്തിയിരുന്നു. മറ്റെല്ലാം സംസ്ഥാനങ്ങളും കേന്ദ്ര നിരക്കിൽ ഡി.എ അഖിലേന്ത്യാ സർവീസിലുള്ളവർക്ക് അനുവദിച്ചിരുന്നു. കേരളത്തിൽ മാത്രമാണ് ഡി.എ തടഞ്ഞ് വച്ചിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ അസോസിയേഷൻ ചൂണ്ടികാണിക്കുന്നു. ഏഴു മാസമായിട്ടും കേന്ദ്രം പ്രഖ്യാപിച്ച ഡി.എ സംസ്ഥാനം നൽകാത്തതാണ് അസോസിയേഷനെ പ്രകോപിപ്പിച്ചത്. നാലു ശതമാനം ഡി എ ആണ് കുടിശിക. ഡി.എ നൽകാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിലുള്ളവരുമായി ശമ്പളത്തിൽ വലിയ വ്യത്യാസമുണ്ടാകുന്നുവെന്നാണ് ഐ.എ.എസ് അസോസിയേഷന്റെ പരാതി. ഇതു പരിഗണിച്ച് സർക്കാർ ഡി.എ. കുടിശിക ഉടൻ അനുവദിക്കുമെന്നാണ് സൂചന.

സർക്കാർ നിലപാടിനെതിരെ സർക്കാർ ജീവനക്കാർ പ്രതിഷേധം ഉയർത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 21 ശതമാനം ഡി.എ കുടിശികയാണ്. 2 ശതമാനം ഡി. എ ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നൽകുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു നൽകിയാൽപോലും 19 ശതമാനം ഡി.എ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയാണ്. ഉയർന്ന ശമ്പളം വാങ്ങുന്ന ഐ എ എസ് ഉദ്യോഗസ്ഥർക്ക് വിലക്കയറ്റം കൊണ്ട് ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ മൂന്ന് വർഷമായി ഡി.എ കിട്ടാത്ത സർക്കാർ ജീവനക്കാരും പെൻഷൻകാരും എങ്ങനെ ജീവിക്കുമെന്നാണ് ജീവനക്കാർ ഉന്നയിക്കുന്നത്.