വയനാട്ടിലേക്ക് കൂടുതൽ ദൗത്യസംഘത്തെ അയയ്ക്കാൻ വനംമന്ത്രി; മാനന്തവാടിയിൽ നിരോധനാജ്ഞ
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. വളരെയേറെ ഉത്കണ്ഠയുണ്ടാക്കുന്ന വാർത്തയാണ് വയനാട്ടിൽ നിന്നും പുറത്തു വരുന്നത്. കൂടുതൽ ടാസ്ക് ഫോഴ്സിനെ അയച്ച് നിലവിലെ സാഹചര്യം പരിഹരിക്കും. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനാണ് ഇപ്പോഴത്തെ ശ്രമം. അവസാന മാർഗ്ഗമായി മാത്രമേ മയക്കുവെടി പരിഗണിക്കൂവെന്നും മന്ത്രി.
അതേസമയം റേഡിയോ കോളർ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാൽ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കൻമൂല, കുറുവ, കാടൻകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തര പ്രാധാന്യമുള്ളതിനാൽ വാക്കാലുള്ള നിർദേശമാണ് നിലവിൽ പ്രഖ്യാപിച്ചത്.