National

‘പ്രതിരോധ ആവശ്യത്തിന് പണമില്ല, ശത്രുക്കളെ എങ്ങനെയെങ്കിലും നേരിടാനാണ് അന്നത്തെ മന്ത്രി എ കെ ആന്റണി പറഞ്ഞത്’; സഭയില്‍ രൂക്ഷവിമര്‍ശനവുമായി നിര്‍മലാ സീതാരാമന്‍

Spread the love

എ കെ ആന്റണിയ്‌ക്കെതിരെ ലോക്‌സഭയില്‍ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. യുപിഎ ഭരണകാലത്ത് പ്രതിരോധ ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലെന്ന് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന ആന്റണി പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ വിമര്‍ശങ്ങള്‍. ഖജനാവില്‍ പണമില്ലെന്നും എങ്ങനെയെങ്കിലും ശത്രുവിനെ നേരിടാനുമായിരുന്നു അന്ന് എ കെ ആന്റണി പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ഘട്ടത്തിലാണ് ഖജനാവില്‍ പണമില്ലെന്ന് സമ്മതിച്ചത്. എ കെ ആന്റണിയുടെ മകന്‍ ബിജെപിയിലായത് കൊണ്ട് ഇക്കാര്യങ്ങളൊന്നും പറയാതിരിക്കില്ലെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ ആഞ്ഞടിച്ചു.

2014ല്‍ ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങളുടേയും മറ്റ് പ്രതിരോധ ഉപകരണങ്ങളുടേയും ക്ഷാമമുണ്ടായിരുന്നെന്ന് ധനമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി. സൈനികര്‍ക്ക് ആവശ്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലും ലഭ്യമല്ലാതിരുന്ന ഒരു കാലത്തുനിന്നാണ് ഞങ്ങള്‍ അധികാരത്തിലേറുന്നത്. രാത്രി കാഴ്ചകള്‍ക്കുള്ള ഉപകരണങ്ങള്‍ പോലും യുപിഎ കാലത്ത് സൈനികര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ജയന്തി ടാക്‌സ് എന്ന പേരില്‍ പണപ്പിരിവ് നടത്തിയതിന് എന്ത് വിശദീകരണമാണുള്ളതെന്ന് കോണ്‍ഗ്രസ് പറയണമെന്നും ധനമന്ത്രി ആവശ്യപ്പട്ടു. ഓഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാട് 3600 കോടിയുടെ അഴിമതിയായിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് ഇരട്ടിയായി വര്‍ധിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ പറഞ്ഞു. 2013-14ല്‍ അത് 2.53 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 2024-25ല്‍ 6.22 ലക്ഷം കോടി രൂപയായി ഇത് എന്‍ഡിഎ സര്‍ക്കാര്‍ വര്‍ധിപ്പിച്ചെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.