ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്, തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം; നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രത്യേക നിർദ്ദേശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും ഹെൽത്ത് സർട്ടിഫിക്കറ്റ് പരിശോധന സമയം നിർബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടാതെ, സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റുകളും ഉടമകളുടെ കയ്യിൽ ഉണ്ടായിരിക്കണം.
ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ബോധവത്കരണ ക്ലാസ് 13ന് നടത്തും. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംരംഭകർ ക്ലാസിൽ പങ്കെടുക്കണം. [email protected] ലേക്ക് ക്ലാസിൽ പങ്കെടുക്കുന്നവരുടെ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകൂറായി എടുക്കണം. അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.