ഏക സിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്; സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. യുസിസി പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാൻ നിയമം സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഭിപ്രായപ്പെട്ടു. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ തുല്യത ഉറപ്പാക്കും. മാതൃ ശക്തിയോടുള്ള അവഗണന അവസാനിപ്പിക്കും. ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് കരട് തയ്യാറാക്കിയതെന്നും ബിൽ പാസാക്കിയതെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.
നിയമത്തെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന സങ്കല്പമാണ് ഏക സിവിൽകോഡിന്റെ കാതൽ. വിവാഹം, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ കസ്റ്റഡി, രക്ഷാകർത്തൃത്വം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ സംബന്ധിച്ച് വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ വ്യത്യസ്തങ്ങളാണ്. ഇവയിലെ വ്യത്യാസങ്ങൾ ഇല്ലാതാക്കി രാജ്യത്തെ എല്ലാ പൗരന്മാർക്കും പൊതുവായൊരു വ്യക്തിനിയമം എന്നതാണ് ഏക സിവിൽകോഡ്.
ഭാരതീയ ജനതാ പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നത്. ന്യൂന പക്ഷങ്ങൾക്കിടയിൽ നിന്ന് വലിയ എതിർപ്പ് ഏകീകൃത സിവിൽ കോഡിനെതിരെ ഉയരുന്നുണ്ട്. അതിനിടയിലാണ് ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കുന്നത്.