‘ഗ്യാരന്റി ഇല്ലാത്ത കോൺഗ്രസുകാർ മോദി ഗ്യാരന്റിയെ ചോദ്യം ചെയ്യേണ്ട’; നരേന്ദ്ര മോദി
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ മറുപടിയുമായി പ്രധാനമന്ത്രി. കോൺഗ്രസ് കുടുമ്പാധിപത്യ പാർട്ടി. കോൺഗ്രസ് നേതാക്കൾക്ക് പോലും ഗ്യാരന്റി ഇല്ല. ഗ്യാരന്റി ഇല്ലാത്ത കോൺഗ്രസ്സുകാർ മോദി ഗ്യാരന്റിയെ ചോദ്യം ചെയ്യേണ്ട.
കേന്ദ്രസർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തത് കോൺഗ്രസ് ആണ്. സ്വാതന്ത്ര്യലബ്ദി ശേഷവും രാജ്യത്ത് അടിമത്വത്തിന്റെ മാനസികാവസ്ഥ കോൺഗ്രസ് ഉണ്ടാക്കി.ലാൽ ബത്തി കൾച്ചർ കോൺഗ്രസ് രാജ്യത്ത് പ്രചരിപ്പിച്ചു.
മുഖ്യമന്ത്രിമാർക്ക് നെഹ്റു എഴുതിയ കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ വിശദീകരിച്ചു. ഒരുവിധത്തിലുള്ള സംവരണവും താൻ ഇഷ്ടപ്പെടുന്നില്ലെന്ന് നെഹ്റു കത്തിൽ പറഞ്ഞതായി നരേന്ദ്രമോദി പറഞ്ഞു. നെഹ്റുവിന്റെ കാലം മുതൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിരോധികളാണ് കോൺഗ്രസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ തെളിഞ്ഞ് നിന്നത് രാജ്യത്തിന്റെ ആത്മവിശ്വാസമാണ്. രാഷ്‌ട്രപതിയുടെ വാക്കുകളിൽ നിറഞ്ഞത് രാജ്യത്തിന്റെ ശക്തവും, സുദൃഢവുമായ ഭാവിയാണ്. ഇതിന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് നന്ദി അറിയിക്കുന്നു.
ലോക്സഭയിൽ നടന്ന ചർച്ചയിൽ എൻഡിഎ 400 സീറ്റ് നേടുമെന്ന് മല്ലിഖാർജുന് ഖാർഗെ അനുഗ്രഹിച്ചു. സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി തമ്മിലടിക്കുകയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന് 40 സീറ്റെങ്കിലും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
പത്ത് വർഷം കൊണ്ട് കോൺഗ്രസ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ 12-ാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്ക് എത്തിച്ചു. എന്നാൽ അഞ്ച് വർഷം കൊണ്ട് ഞങ്ങൾ അഞ്ചാം സ്ഥാനത്തെത്തിച്ചു. ഈ കോൺഗ്രസാണ് സാമ്പത്തിക നയങ്ങളിൽ എൻഡിഎ സർക്കാരിനെ ഉപദേശിക്കാൻ വരുന്നത്.
കോൺഗ്രസിന്റെ അധികാരക്കൊതി ജനാധിപത്യത്തെ തകർത്തു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കോൺഗ്രസ് ഒറ്റരാത്രി കൊണ്ട് മറിച്ചിട്ടു. ഭരണഘടനാ മൂല്യങ്ങളെ കോൺഗ്രസ് തടവിലാക്കി, മാദ്ധ്യമങ്ങൾക്ക് പൂട്ടിട്ടു. അതേ കോൺഗ്രസ് തന്നെ ഇന്ന് രാജ്യത്തെ തകർക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.