ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തെളിയുന്നു; സമാധാനമുറപ്പിക്കാനുള്ള കരാറിന് ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചെന്ന് സൂചന
നൂറിലേറെ ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയാറാക്കിയ കരാറില്‍ ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചുവെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേലിലെത്തിയിട്ടുമുണ്ട്.
ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസ് തടങ്കലിലുള്ള ബന്ദികളുടെ മോചനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഒരാഴ്ച മുന്‍പ് സമാധാന നീക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് രാജ്യങ്ങളും ഒത്തുചേര്‍ന്നാണ് സമാധാനത്തിനായുള്ള ഒരു ഫോര്‍മുല കരാറായി രൂപീകരിച്ചത്. ഇതിലാണ് ഇപ്പോള്‍ ഹമാസില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചിരിക്കുന്നത്. ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തെളിയുകയാണെന്ന് പശ്ചിമേഷ്യയിലെത്തിയ യു എസ് സ്റ്റേറ്റ് സെക്രട്ടറിയും സൂചിപ്പിക്കുന്നുണ്ട്.
ഹമാസ് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകളെന്താണെന്ന വിവരം ഈ ഘട്ടത്തില്‍ പുറത്തുവന്നിട്ടില്ല. സമഗ്രവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തല്‍ ഗസ്സയില്‍ ഉറപ്പാക്കണം, പലസ്തീന്‍ ജനതയ്‌ക്കെതിരായ അക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണം, ദുരിതാശ്വാസം, പാര്‍പ്പിടം, ഗസ്സയുടെ പുനര്‍നിര്‍മാണം എന്നിവ ഉറപ്പാക്കണം മുതലായവയാണ് തങ്ങളുടെ ആവശ്യമെന്ന് ഹമാസ് മുന്‍പ് പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗസ്സയിലെ ഉപരോധങ്ങള്‍ നീക്കണമെന്നും പലസ്തീന്‍ തടവുകാരെ മോചിപ്പിക്കണം മുതലായ ആവശ്യങ്ങള്‍ക്കും ഹമാസ് സമ്മര്‍ദം ചെലുത്താനാണ് സാധ്യത. ഹമാസ് പറയുന്ന ആവശ്യങ്ങള്‍ ഇസ്രയേല്‍ ഭരണകൂടവുമായി ആന്റണി ബ്ലിങ്കണ്‍ ഇന്ന് ചര്‍ച്ച ചെയ്യും.