സയൻസ് ഫെസ്റ്റിവലിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു; എഎസ്ഐക്കെതിരെ പരാതി
കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ പി നസീമിനെതിരെ പരാതിയുമായി പെൺകുട്ടി.ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു എന്നാണ് പെൺകുട്ടിയുടെ പരാതി.തോന്നക്കൽ നടക്കുന്ന സയൻസ് ഫെസ്റ്റിവലിലെ വോളണ്ടിയർ ആണ് പെൺകുട്ടി.പരിപാടിക്കിടയിൽ പരിചയപ്പെട്ട എഎസ്ഐ കെ പി നസീം പെൺകുട്ടിയുടെ നമ്പർ കൈക്കലാക്കുകയായിരുന്നു. പിന്നീട് ഫോണിൽ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരത്ത് സയൻസ് ഫെസ്റ്റിവൽ നടക്കുമ്പോൾ വൊളണ്ടിയർമാരായി വിദ്യാർത്ഥികൾക്കാണ് ചുമതല നൽകിയിരുന്നത്. തുടർന്ന് ചുമതലയുള്ള എല്ലാ വിദ്യാർത്ഥികളുടെയും ഫോൺ നമ്പറുകൾ എഎസ്ഐ കെ പി നസീം വാങ്ങിയിരുന്നു. തുടർന്നാണ് ഇയാൾ വൊളണ്ടിയർ ചുമതല ഉണ്ടായിരുന്ന വിദ്യാർത്ഥിനിയെ മൊബൈൽ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നത്.
നസീം നിരന്തരമായി വിഡിയോ കോൾ വിളിച്ച് ശല്യം ചെയ്യാൻ ആരംഭിച്ചതോടെ പെൺകുട്ടി മറ്റുള്ള വൊളണ്ടിയർമാരോട് സംഭവത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വൊളണ്ടിയർമാർ എല്ലാവരും ചേർന്ന് എഎസ്ഐയെ കാണാനായി എത്തിയപ്പോൾ ഇയാൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പർ കൈക്കലാക്കി ഇയാൾ സ്ഥിരമായി വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു എന്ന് നേരത്തെയും പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്.