National

ഉത്തരാഖണ്ഡിൽ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം, ഇല്ലെങ്കിൽ 6 മാസം വരെ തടവ്

Spread the love

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ലിവിങ് ബന്ധം പരസ്യപ്പെടുത്തിയില്ലെങ്കിൽ 6 മാസം വരെ തടവെന്ന് ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് ബില്ല്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നവർ 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതവും വേണം. നിയമം ലംഘിച്ചാൽ ആറുമാസം തടവ് ശിക്ഷയോ 25,000 രൂപ പിഴയോ നൽകേണ്ടിവരും. ലിവ് ഇൻ റിലേഷൻ ബന്ധം മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്നുമാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയോ,രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാലും മൂന്ന് മാസം വരെ തടവോ, 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും

ഉത്തരാഖണ്ഡ് സ്വദേശികൾ മറ്റ് സംസ്ഥാനങ്ങളിൽ ലിവ് ഇൻ റിലേഷൻ ബന്ധം നയിക്കുകയാണെങ്കിലും അവർക്കും നിയമം ബാധകമാകും. ലിവ് ഇൻ ടുഗെതർ ബന്ധങ്ങൾ അവസാനിപ്പിക്കുകയാണെങ്കിലും അക്കാര്യവും രേഖാമൂലം അറിയിക്കണം. ബന്ധം പിരിയാനായി പറയുന്ന കാരണങ്ങളിൽ സംശയം തോന്നിയാല്‍ രജിസ്ട്രാർക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്യാമെന്ന് നിയമത്തിൽ പറയുന്നു.

ലിവ്-ഇൻ ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ അംഗീകാരം ലഭിക്കും. അതായത്, വിവാഹബന്ധത്തിൽ ജനിക്കുന്ന കുട്ടികളെപ്പോലെ അവരെയും കണക്കാക്കും. ലിവ് ഇൻ റിലേഷൻഷിപ്പിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു വെബ്സൈറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.