Kerala

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമണ്‍

Spread the love

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യു.എന്‍ വിമണ്‍. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകള്‍ക്കും സഹായകരമായ പ്രവര്‍ത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെന്‍ഡര്‍ ബജറ്റ് എടുത്ത് പറയേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും സ്ത്രീകള്‍ വളരെ മുന്നിലാണെന്നും സംഘം വിലയിരുത്തി. ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജുമായി യു.എന്‍ വിമണ്‍ സംഘം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യമറിയിച്ചത്.

സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിവരിച്ചു. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍. വിമണ്‍, ജെന്‍ഡര്‍ പാര്‍ക്കിന് സാങ്കേതിക സഹായം നല്‍കുന്നതിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ജെന്‍ഡര്‍ പാര്‍ക്ക് കേന്ദ്രീകരിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സേഫ് സിറ്റി പ്രോജക്ട്, ജെന്‍ഡര്‍ ഡേറ്റാ ഹബ്ബ് എന്നിവയിലും യുഎന്‍ വിമണ്‍ പിന്തുണ അറിയിച്ചു. ഓണ്‍ലൈന്‍ സ്‌പേസ്, പബ്ലിക് സ്‌പേസ് ആയി കണ്ട് അവിടത്തെ പ്രശ്‌നങ്ങള്‍ കൂടി പഠിക്കണമെന്ന് യുഎന്‍ വിമണ്‍ നിര്‍ദേശിച്ചു.