‘സപ്ലൈകോയെ പരിഗണിച്ചില്ല’; സംസ്ഥാന ബജറ്റിൽ ഭക്ഷ്യമന്ത്രിക്കു നീരസം, അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും
സംസ്ഥാന ബജറ്റിൽ ഭക്ഷ്യ മന്ത്രി ജിആർ അനിലിനു നീരസം. സപ്ലൈകോയെ പരിഗണിക്കാത്തതാണ് നീരസത്തിനു കാരണം. ബജറ്റിൽ സപ്ലൈകോയെ കാര്യമായി പരിഗണിച്ചില്ല. കുടിശിക തീർക്കാൻ സഹായവും ഉണ്ടായിരുന്നില്ല. ബജറ്റിന് ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാൻ തയ്യാറാവാതിരുന്ന ജിആർ അനിൽ അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചേക്കും.
പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാൽവെപ്പാണ് സംസ്ഥാന സർക്കാരിൻറെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയതു പോലെ, അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിൻറെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിൻറെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനിൽക്കുമ്പോഴും ജനങ്ങൾക്കുവേണ്ടിയുള്ള വികസന – ക്ഷേമ പ്രവർത്തനങ്ങളിൽ കുറവുവരാതിരിക്കാൻ ബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ കാലത്തിൻറെ വെല്ലുവിളികൾ അതിജീവിക്കാൻ സംസ്ഥാനത്തിൻറെ സാധ്യതകളാകെ ഉപയോഗിക്കാനും വ്യത്യസ്തവും വേഗമേറിയതുമായ രീതികൾ അവലംബിക്കാനുമാണ് ബജറ്റ് ശ്രമിക്കുന്നത്. നാടിന് അർഹമായത് നേടിയെടുക്കാനുള്ള യോജിച്ച മുന്നേറ്റത്തിൻറെ പ്രാധാന്യത്തിനും ബജറ്റ് അടിവരയിടുന്നു എന്നും അദ്ദേഹം പറഞ്ഞു.