Kerala

തണ്ണീർക്കൊമ്പൻ ​ഗുരുതരമായി പെല്ലറ്റ് ആക്രമണത്തിന് വിധേയമായെന്ന് കണ്ടെത്തൽ; കർണാടക വനംവകുപ്പിനുണ്ടായത് ​ഗുരുതര വീഴ്ച

Spread the love

ബന്ദിപ്പൂരിൽ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റ് പാടുകളെന്ന് കണ്ടെത്തൽ. മരണശേഷമുള്ള പരിശോധയിലാണ് ഇക്കാര്യം
വ്യക്തമായത്. കര്‍ണാകടയിലെ തോട്ടങ്ങളിലിറങ്ങിയപ്പോഴാകാം ഈ സ്ഥിതിയുണ്ടായതെന്നാണ് വിലയിരുത്തല്‍. ശരീരത്തിനുള്ളിലെ പഴുപ്പ് ആഴമേറിയതാണ്. പലയിടങ്ങളിലേക്കും പടര്‍ന്നിട്ടുമുണ്ട്. ഹൃദയാഘാതത്തിന് പുറമേ അണുബാധയെ തുടര്‍ന്ന് ശ്വാസകോശത്തിന്‍റെ ശേഷി കുറഞ്ഞതും മരണത്തിന് കാരണമായതായാണ് വിലയിരുത്തല്‍.

ആനയുടെ വിഷയത്തിൽ കർണാടക വനംവകുപ്പിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ആന കേരള അതിര്‍ത്തിയിലേക്ക് കടന്ന വിവരം ഔദ്യോഗികമായി അറിയിച്ചില്ല. റേഡിയോ കോളാര്‍ സിഗ്നല്‍ വിവരങ്ങള്‍ ലഭിക്കാത്തതും ആനയെ ട്രാക്കുചെയ്യുന്നതിന് തിരിച്ചടിയായി.

ജനുവരി പതിനാറിനാണ് തണ്ണീര്‍ക്കൊമ്പനെ ഹാസനില്‍ നിന്ന് പിടികൂടി മൂലഹള്ള ഭാഗത്ത് വിടുന്നത്. റേഡിയോ കോളര്‍ ഘടിപ്പിച്ച് അന്നുതന്നെ കാട്ടില്‍ വിട്ടതായാണ് കര്‍ണാടക വനംവകുപ്പിന്‍റെ വിശദീകരണം. നാഗര്‍ഹോള വഴി തോല്‍പ്പെട്ടിയിലേക്കെത്തുകയും തുടര്‍ന്ന് തലപ്പുഴയിലൂടെ എടവകയിലേക്കും മാനന്തവാടി നഗരത്തിലേക്കെത്തുകയുമാണ് ചെയ്തത്. എന്നാല്‍ ആന കേരളത്തിന്‍റെ വനാതിര്‍ത്തി കടന്ന വിവരം കര്‍ണാടക വനംവകുപ്പ് അറിയിച്ചിരുന്നില്ല.

Read Also : മിഷൻ തണ്ണീർക്കൊമ്പൻ വിജയം; ആനയെ ലോറിയിൽ കയറ്റി; ഇനി ബന്ദിപ്പൂരിലേക്ക്‌

തിരുനെല്ലി സര്‍വാണി ഭാഗത്തും മാനന്തവാടിയിലിറങ്ങിയതിന്‍റെ തലേദിവസം തലപ്പുഴ ഭാഗത്തും ആനയെ കണ്ടതായുള്ള വിവരം വനംവകുപ്പിനെ നാട്ടുകാര്‍ അറിയിച്ചിരുന്നു. ഈ സമയം സര്‍വ സന്നാഹവുമുപയോഗിച്ച് ആനയെ വനത്തിലേക്കയക്കാന്‍ കഴിയാത്തതും വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതേസമയം തണ്ണീര്‍ക്കൊമ്പന്‍റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധസമിതി അടുത്ത ദിവസം തന്നെ വയനാട്ടിലെത്തുമെന്നാണ് വിവരം. കര്‍ണാടക വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.