പഴയ പ്രഖ്യാപനങ്ങളുടെ കോപ്പി പേസ്റ്റാണ് ഇത്തവണത്തെ ബജറ്റ്; കെ എന്‍ ബാലഗോപാല്‍
ബജറ്റ് കേരളത്തില്‍ നിരാശാജനകമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്ന വിഹിതത്തില്‍ വര്‍ധനയില്ല. ഇപ്പോഴും സാമ്പത്തിക രംഗം മുന്നോട്ടുപോകുന്നെന്ന് മാത്രമാണ് കേന്ദ്രം അവകാശപ്പെടുന്നത്. മാന്ദ്യ വിരുദ്ധ പാക്കേജ് വേണമായിരുന്നെന്നും ബാലഗോപാല്‍ പറഞ്ഞു.
ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് കേരളം കാത്തിരുന്നതെങ്കിലും ഒരു മേഖലയിലും കേരളത്തിന് പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. കഴിഞ്ഞ പ്രാവശ്യത്തെ ബജറ്റിന്റെ കോപ്പി പേസ്റ്റ് രൂപമാണ് ഇത്തവണത്തേത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മുന്നേറ്റമുണ്ടായെന്ന് പറയുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംഭവിച്ച സംബന്ധിച്ച് ഔദ്യോഗിക രേഖകള്‍ വന്നിട്ടില്ല.
ഉത്പാദന മേഖലയില്‍ ഇടര്‍ച്ചയുണ്ടായിട്ടുണ്ട്. ഇത് മറികടക്കാന്‍ കൂടുതല്‍ തൊഴിലവസരം വരാനും കൂടുതല്‍ നിക്ഷേപം വരാനുമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കണമായിരുന്നു. ഇതെല്ലാം രാഷ്ട്രീയത്തിനധീതമായ ബജറ്റ് വിലയിരുത്തലുകളാണ്. ആളുകളുടെ കയ്യില്‍ പണമെത്തണം. അതിന് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കണം. ഈ പ്രഖ്യാപനങ്ങളൊന്നും ഇത്തവണത്തെ ബജറ്റിലുണ്ടായില്ലെന്ന് ധനമന്ത്രി വിമര്‍ശിച്ചു.