National

‘ജയിലറകൾ നിറയുന്നു, 50 വർഷത്തേക്കുള്ള ജയിലുകൾ ഉടൻ നിർമ്മിക്കണം’; കടുത്ത നിർദേശവുമായി സുപ്രീംകോടതി

Spread the love

രാജ്യത്തുടനീളമുള്ള ജയിലുകളുടെ സ്ഥലസൗകര്യം ‘ഞെട്ടിപ്പിക്കുന്നതും’ ‘ആശങ്കാജനക’വുമാണെന്ന് സുപ്രീംകോടതി. തടവുകാരുടെ തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം. അടുത്ത 50 വർഷത്തേക്കുള്ള ജയിലുകളുടെ നിർമാണം ഉടനടി ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി.

ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച പൊതുതാൽപര്യ ഹർജി (പിഐഎൽ) പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിൻ്റെ നിർദേശം. സെൻട്രൽ, ജില്ലാ, സബ് ജയിലുകളിൽ അനുവദനീയമായ ശേഷിയേക്കാൾ 10% കൂടുതൽ തടവുകാരെ പാർപ്പിച്ചിട്ടുണ്ട്. ചില കേസുകളിൽ ഇത് 30-50% അല്ലെങ്കിൽ നാലിരട്ടിയോളം വരും. ഈ കണക്കുകൾ ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണ്. ഇവയ്ക്ക് മുൻഗണന നൽകി പ്രശ്നം പരിഹരിക്കേണ്ടതുണ്ട് – ബെഞ്ച് നിരീക്ഷിച്ചു.

ഹർജിയിൽ ജയിലുകളുടെ എണ്ണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് കോടതി പരാമർശിക്കുകയുണ്ടായത്. അതേസമയം റിപ്പോർട്ട് സമർപ്പിക്കാതിരുന്ന ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് 10,000 രൂപ വീതം പിഴയടക്കുവാനും കോടതി നിർദ്ദേശിച്ചു.