‘സാധാരണക്കാരന് കാര്യങ്ങൾ നേടാൻ കൈമടക്ക് കൊടുക്കണം, ,ജി സുധാകരൻ പറഞ്ഞതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ’
തിരുവനന്തപുരം: സി.പി.എം നേതാവ് ജി.സുധാകരൻ പറഞ്ഞതാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുവായ അവസ്ഥയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരന് കാര്യങ്ങൾ നേടാൻ കൈമടക്ക് കൊടുക്കേണ്ട സാഹചര്യമെന്ന സുധാകരന്റെ തുറന്നു പറച്ചിൽ ഈ സർക്കാർ എത്രത്തോളം ജിർണ്ണിച്ചു എന്ന് തെളിയിക്കുന്നതാണ്. കേരളം പൂർണ്ണമായും അഴിമതിയിലും കെടുര്യസ്ഥതയിലും മുങ്ങിപ്പോയതായി ഒരു കമ്യൂണിസ്റ്റ് നേതാവിന് തന്നെ തുറന്ന് പറയേണ്ട അവസ്ഥ എത്ര പരിതാപകരമാണ്. ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികളെ കവച്ച് വെയ്ക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ അഴിമതികൾ.
ഇപ്പോൾ സർക്കാർ പണം മാത്രമല്ല ഇവർ കൈയ്യിട്ട് വാരുന്നത്. കണക്കില്ലാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സർക്കാർ പരിപാടികൾക്ക് പണം പിരിക്കുന്നു. ഇതിനൊന്നും ഒരു കണക്കുമില്ല.സർക്കാരിന്റെ ലേബലിൽ നടക്കുന്ന പരിപാടികളിലെല്ലം കോടികണക്കിന് രൂപ സ്പോൻസർഷിപ്പ് വഴി പിരിക്കുന്നു. പരിപാടികൾ നടത്തുന്നത് സ്വകാര്യ ഇവന്റ് മാനേജ്മെൻ്റ് കമ്പനികളാണ്.ഇത് വഴി പലരുടെയും കൈകളിലെത്തുന്നത് കോടികളാണ് .സർക്കാരിന്റെ കീഴിൽ നടക്കുന്ന അഴിമതിയുടെ മറ്റൊരു രൂപമാണ് സർക്കാരിന്റെ പേരിലെ പണപ്പിരിവ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഊരുചുറ്റലിന് എത്ര കോടി പിരിച്ചു എന്നതിന്റെ കണക്ക് ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഇതിന്റെ മറപിടിച്ചാണ് ഇപ്പോൾ നടക്കുന്ന പരിപാടിളുടെ പണപ്പിരിവ് മാമാങ്കം.കാര്യങ്ങൾ സുതാര്യമെങ്കിൽ എന്ത് കൊണ്ട് കണക്കുകൾ പുറത്ത് വിടുന്നില്ല?ഇക്കാര്യങ്ങളിൽ ഒന്നും മറക്കാനില്ലെന്നിൽ ഉന്നതതല അന്വേഷണത്തിന് തയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.