Kerala

CPIM പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഇന്നു ചേരും; ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുഖ്യ അജണ്ട

Spread the love

സിപിഐഎം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റിയോഗങ്ങള്‍ ഇന്നു മുതല്‍. മൂന്നു ദിവസങ്ങളിലായാണ് സിപിഡഐമ്മിന്റെ ദേശീയ നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് നടക്കുക. വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് യോഗം ചേരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാണ് പ്രധാന അജണ്ട. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുന്നതിനും കൂടുതല്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനും ചെയ്യേണ്ട കാര്യങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ചചെയ്യും. സിപിഐഎം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. എക്‌സാലോജിക് വിവാദവും ചര്‍ച്ചയാകും.

ആദ്യദിവസം പോളിറ്റ്ബ്യൂറോ യോഗമാണ് നടക്കുക. മറ്റു രണ്ടു ദിവസങ്ങളിലായി കേന്ദ്രകമ്മിറ്റി യോഗങ്ങളും നടക്കും. കേന്ദ്ര നേതാക്കള്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. രാവിലെ പത്തുമണിയോടെ യോഗങ്ങള്‍ക്ക് തുടക്കം കുറിക്കും. ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സിപിഐഎം യോഗങ്ങള്‍ നടക്കുന്നത്. ഇതില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.