പ്രധാനമന്ത്രിയെ വിളിക്കൂ;SFI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ കാറില്‍ കയറില്ലെന്നുറപ്പിച്ച് ഗവര്‍ണര്‍
കൊല്ലം നിലമേലില്‍ നടന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും തുടര്‍ സംഭവങ്ങളിലും അയവില്ലാതെ ഗവര്‍ണര്‍. പ്രധാനമന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗവര്‍ണറുടെ പ്രതിഷേധം നാല്പത് മിനിറ്റോളം പിന്നിട്ടു.
കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം, കേസിന്റെ വിവരങ്ങള്‍ തനിക്ക് കൈമാറണം, ആര്‍ക്കൊക്കെ എന്തൊക്കെ വകുപ്പുകള്‍ ചുമത്തിയെന്നതടക്കം അറിയിക്കണം എന്നിങ്ങനെയാണ് ഗവര്‍ണറുടെ ആവശ്യങ്ങള്‍.
കേസെടുക്കാത്ത പക്ഷം താന്‍ വാഹനത്തില്‍ കയറില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിലവില്‍ റോഡരികിലെ ഒരു ഹോട്ടലിന് മുന്നില്‍ ഇരിക്കുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രി പോയാല്‍ സുരക്ഷ ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച ഗവര്‍ണര്‍, പൊലീസ് നിയമം ലംഘിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ വാഹനം കടന്നുപോകുന്ന വഴിയില്‍ അറുപതോളം വരുന്ന എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ക്ഷുഭിതനായ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വഴിയരികില്‍ ഹോട്ടലിനടുത്ത് ഇരിപ്പുറപ്പിച്ചു. എന്തുകൊണ്ട് പൊലീസ് പ്രതിഷേധം അറിയാതെ പോയെന്നും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പൊലീസുകാര്‍ ശ്രമിക്കുന്നുണ്ട്.