സാമ്പത്തിക തർക്കം; അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണറുടെ മകനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി
ഡൽഹി അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണറുടെ മകനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി. അസിസ്റ്റൻ്റ് കമ്മീഷണർ യശ്പാൽ സിംഗിൻ്റെ മകൻ ലക്ഷ്യ ചൗഹാൻ(24) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കേസിൽ ഒരാൾ അറസ്റ്റിൽ.
ഹരിയാനയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തിസ് ഹസാരി കോടതിയിലെ അഭിഭാഷക കൂടിയായ ലക്ഷ്യ ചൗഹാൻ. സുഹൃത്തുക്കളായ ഭരദ്വാജി, അഭിഷേകും സോനെപത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ ചൗഹാനൊപ്പമുണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞ് മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് എസിപി യശ്പാൽ സിംഗ് പരാതി നൽകി.
അന്വേഷണത്തിൽ ചൗഹാനും ഭരദ്വാജും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഭരദ്വാജിയിൽ നിന്ന് ചൗഹാൻ പണം കടം വാങ്ങിയിരുന്നു. പണം തിരികെ നൽകാത്തതിനാൽ ഇരുവരും തമ്മിൽ വഴക്കാണ്. തർക്കം രൂക്ഷമായത്തോടെ ലക്ഷ്യയെ കൊലപ്പെടുത്താൻ ഭരദ്വാജി തീരുമാനിച്ചു. ഹരിയാനയിൽ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതി.
ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അഭിഷേകും ഭരദ്വാജും ചേർന്ന് ചൗഹാനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിക്കായി തെരച്ചിൽ തുടരുകയാണ്.