കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉൾപ്പെടുത്തി മന്ത്രിമാരുടെ റിപ്പബ്ലിക്ക് ദിന സന്ദേശം; ഗവർണർ ദേശീയ പതാക ഉയർത്തി
പ്രൗഢമായ ആഘോഷപരിപാടികളോടെ സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശിയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി,അബ്ദുറഹ്മാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജില്ലകളിൽ മന്ത്രിമാർ ദേശിയ പതാക ഉയർത്തി. കൊച്ചി നാവികസേനാ ആസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉൾപ്പെടുത്തിയായിരുന്നു എല്ലാ ജില്ലകളിലും മന്ത്രിമാർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയത്
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശിയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.22 പ്ലറ്റൂണുകളും, വ്യോമസേനയുടെ ഒരു ഫ്ലൈറ്റും പരേഡിന് മികവേകി. വിവിധ സേനാവിഭാഗങ്ങളും പരേഡിൽ പങ്കെടുത്തു
കൊല്ലത്ത് മന്ത്രി കെ ബി ഗണേഷ് കുമാർ പതാക ഉയർത്തി, പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി വീണാ ജോർജും,ആലപ്പുഴയിൽ മന്ത്രി പി പ്രസാദും, കോട്ടയത്ത് മന്ത്രി വി എൻ വാസവനും, എറണാകുളം കാക്കനാട് മന്ത്രി കെ രാജനും പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. രാജ്യം മൂന്ന് ഗ്യാരണ്ടികളാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ തൃശ്ശൂർ പ്രസംഗത്തെ പരാമർശിച്ച് കെ രാജൻ പറഞ്ഞു
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനും,തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ മന്ത്രി കെ രാധാകൃഷ്ണനും ദേശീയപതാക ഉയർത്തി. പാലക്കാട് മന്ത്രി കെ കൃഷ്ണൻകുട്ടിയും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസും ദേശീയപതാക ഉയർത്തി. രാജ്യത്ത് ഭരണഘടന വധഭീഷണി നേരിടുകയാണെന്ന് മന്ത്രി പറഞ്ഞു
മലപ്പുറം എം എസ് പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജി ആർ അനിലും, വയനാട് മന്ത്രി എ കെ ശശീന്ദ്രനും, കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കാസർകോട് മന്ത്രി ആർ ബിന്ദുവും ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. എല്ലാ ജില്ലകളിലും പൊതു ജനങ്ങളുടെവലിയ പങ്കാളിത്തവും റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഉണ്ടായിരുന്നു.