Kerala

ഗവർണറുടെ റിപബ്ലിക് ദിന സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Spread the love

ഗവർണറുടെ റിപബ്ലിക് ദിന സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ പങ്കെടുക്കുന്നില്ല. 6.30 നാണ് രാജ്ഭവനിൽ അറ്റ് ഹോം സംഘടിപ്പിച്ചത്. ഇതുവരെയും വിരുന്നിൽ മന്ത്രിമാരും മുഖ്യമന്ത്രിയും എത്തിയിട്ടില്ല. ഉദ്യോഗസ്ഥർ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്.

റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണ്. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗവർണർ പ്രശംസിക്കുകയും ചെയ്തു.

75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികൾ ഉദ്ധരിച്ച് മലയാളത്തിലാണ്, കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയുന്ന പ്രസംഗം ഗവർണർ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവർ ആക്കാനുള്ള പരിശ്രമത്തിലാണ്. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേ ഭാരതും, കൊച്ചി വാട്ടർ മെട്രോയും യാഥാർത്ഥ്യമായി. വികസിത്ത് സങ്കൽപ് യാത്ര കേന്ദ്ര സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അടുത്തിരുന്നെങ്കിലും പരസ്പരം മുഖം കൊടുക്കാതെയാണ് ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്തത്.

കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻ്റെ അവസാന ഖണ്ഡിക മാത്രം ഗവർണർ വായിച്ചത് വലിയ ചർച്ചയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, മണിപ്പൂര്‍ വിഷയത്തിലെ നിലപാട്, സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്റെ ജനങ്ങള്‍, എന്റെ സര്‍ക്കാര്‍ മുതലായ അഭിസംബോധനകളും ഗവര്‍ണര്‍ ഒഴിവാക്കി. മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി എന്റെ സര്‍ക്കാര്‍ എല്ലാവിധ വംശഹത്യകള്‍ക്കും മനുഷ്യരാശിയ്‌ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളേയും അപലപിക്കുന്നുവെന്നുള്ള ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതോടെയാണ് ഗവർണർ- സർക്കാർ പോര് വഷളായത്.