National

ഞങ്ങൾ ഒറ്റക്കെട്ട്’; ബീഹാറിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്

Spread the love

ബീഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്‌ നിയമ സഭ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ. നാളെ ഉച്ചക്ക് 2 മണിക്കാണ് യോഗം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നിണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

പുറത്തു വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഷക്കീൽ അഹമ്മദ് ഖാൻ പ്രതികരിച്ചു. തങ്ങളുടെ എംഎൽഎമാർ ഒറ്റക്കെട്ടാണ്. എല്ലാവരും പാർട്ടിക്കൊപ്പമാണെന്നും ഷക്കീൽ ഖാൻ പ്രതികരിച്ചു.

നിതിഷ് കുമാറും ജെഡിയുവും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. എന്‍ഡിഎ മുന്നണിയിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആഭ്യന്തര മന്ത്രി അമിത് ഷാ നിതിഷ് കുമാറുമായി ഫോണില്‍ സംസാരിച്ചു. അമിത്ഷായും പ്രധാനമന്ത്രിയും ബിഹാറിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

നിതിഷ് കുമാര്‍ എല്ലാ എംഎല്‍എമാരെയും പട്നയിലേക്ക് വിളിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ രൂപീകരിച്ച ശേഷം, നിലവിലെ സഭ പിരിച്ചുവിടാനും പുതിയ ജനവിധി തേടാനും നിതിഷ് ശുപാര്‍ശ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വര്‍ഷങ്ങളോളം എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു, നരേന്ദ്രമോദി പ്രധാനമന്ത്രിയായ 2014ലാണ് മുന്നണി വിട്ടത്. ശേഷം ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. തേജസ്വി യാദവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹാസഖ്യം വിട്ട് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ മുന്നണിയുമായുണ്ടായ പിണക്കത്തെ തുടര്‍ന്ന് വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.