ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ മറുപടി നല്‍കല്‍; കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി
ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ വി.സിമാരുടെ എതിര്‍പ്പുകള്‍ കൂടി പരിഗണിച്ച് ആറാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി ഉത്തരവ് . ആറാഴ്ച്ചയ്ക്കുള്ളില്‍ ചാന്‍സലറായ ഗവര്‍ണ്ണര്‍ക്ക് തീരുമാനം എടുക്കാം. തീരുമാനം വി.സി മാര്‍ക്ക് എതിരാണെങ്കില്‍ 10 ദിവസത്തേക്ക് നടപടി കൈക്കൊള്ളരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ വിസിമാര്‍ ഉന്നയിച്ച നിയമപ്രശ്‌നവും യുജിസി മാനദണ്ഡങ്ങളും പരിഗണിച്ചാണ് ഗവര്‍ണര്‍ തീരുമാനം എടുക്കേണ്ടത്. അതേസമയം സംസ്‌കൃതം, കാലിക്കറ്റ് സര്‍വകലാശാല വി.സിമാരുടെ നിയമനം അസാധുവാക്കണമെന്നുള്ള ക്വാ വാറണ്ടോ റിട്ടിന്മേല്‍ വാദം ആറാഴ്ച്ചയ്ക്ക് ശേഷം നടത്താനും ഹൈക്കോടതി വ്യക്തമാക്കി.
കെ.ടി.യു വി.സി നിയമനം അസാധുവാക്കിയ സുപ്രിം കോടതി വിധിയ്ക്ക് പിന്നാലെയായിരുന്നു ഗവര്‍ണര്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാല വി.സി മാര്‍ക്ക് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് നോട്ടീസ് ചോദ്യം ചെയ്ത് വി.സി മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.