National

ബംഗാളിൽ ഇന്ത്യ സഖ്യത്തിന് തിരിച്ചടി, കോണ്‍ഗ്രസുമായി സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് മമത

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനർജി.താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടു, ബംഗാളിലൂടെയുള്ള ന്യായ് യാത്ര അറിയിച്ചില്ല. കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പു ഫലത്തിനുശേഷം മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മമത വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടി.എം.സി. തനിച്ചു മത്സരിക്കുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. നേരത്തേ രണ്ട് സിറ്റിങ് സീറ്റുകള്‍മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്നായിരുന്നു മമതയുടെ നിലപാട്.

രണ്ട് സിറ്റിങ് സീറ്റുകള്‍ മമത വെച്ചുനീട്ടുന്നതിനോട് യോജിപ്പില്ലെന്ന് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ മുകുള്‍ വാസ്‌നികിന്റെ നേതൃത്വത്തിലുള്ള സഖ്യസമിതി തൃണമൂല്‍ അടക്കമുള്ള കക്ഷികളുമായി ചര്‍ച്ചകള്‍ തുടരാനിരിക്കെയാണ് മമതയുടെ പ്രതികരണം. അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അടുത്ത ദിവസം ബംഗാളിലെത്തും.