Kerala

തനിക്കെതിരെ നടന്നത് ഗൂഢാലോചന, പണത്തിൻ്റെ സ്രോതസ് പാർട്ടിക്ക് മുന്നിൽ നൽകിയിരുന്നു’; പി.രാജു

Spread the love

തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് സിപിഐ എറണാകുളം ജില്ലാ മുൻ സെക്രട്ടറി പി രാജു. ഗൂഢാലോചനയിൽ പങ്കെടുത്തവരെ കണ്ടെത്തണം. താൻ കാർ വാങ്ങിയത് മുൻ സംസ്ഥാന സെക്രട്ടറി പറഞ്ഞ ശേഷമാണ്. പണത്തിൻ്റെ സ്രോതസ് പാർട്ടിക്ക് മുന്നിൽ നൽകിയിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിലും പരാതി നൽകിയിട്ടുണ്ടെന്നും പി.രാജു വ്യക്തമാക്കി.
പരാതിക്കാരനെ ആദ്യം കാണുന്നത് ചാനലിലാണ്. പാർട്ടി നടപടിക്കെതിരായ അപ്പീൽ സംസ്ഥാന എക്സിക്യൂട്ടീവ് പരിഗണിക്കാനിരിക്കുന്ന പരാതിയിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് സി.പി.ഐ. എറണാകുളം ജില്ലാ മുന്‍ സെക്രട്ടറി പി. രാജു പണം തട്ടിയെടുത്തതായാണ് പരാതി. രാജുവും ഡ്രൈവര്‍ നിധീഷും ചേര്‍ന്ന് 62 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീനാണ് ഇതുസംബന്ധിച്ച് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി കൊണ്ടുവന്ന് ഫോര്‍ട്ടികോര്‍പ്പില്‍ വില്‍ക്കുന്ന ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പണം തട്ടിയത് എന്നാണ് ആരോപണം.

കൃഷിവകുപ്പ് ഭരിക്കുന്നത് സി.പി.ഐ. ആയതിനാല്‍ ഹോര്‍ട്ടി കോര്‍പ്പില്‍ സ്വാധീനമുണ്ടെന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്തിച്ച് വന്‍ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് ഘട്ടം ഘട്ടമായി 62 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ആരോപണം. എന്നാല്‍ പി. രാജു ഇത് നിഷേധിച്ചു.

അതേസമയം അഹമ്മദ് റസീനുമായി യാതൊരുതരത്തിലുള്ള ബിസിനസ് പങ്കാളിത്തവും ഇല്ലെന്നും ആരോപണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് താന്‍ അറിഞ്ഞതെന്നുമാണ് പി രാജു പരാതിയിൽ പ്രതികരിച്ചത്. പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിഭാഗീയതയാണ് ഇത്തരം ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നിലെന്നും രാജു ആരോപിച്ചിരുന്നു.