National

യുപിയിൽ രാവണ ക്ഷേത്രത്തിൽ രാമ വിഗ്രഹം പ്രതിഷ്ഠിച്ചു

Spread the love

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ രാവണ ക്ഷേത്രത്തിൽ ശ്രീരാമവി​ഗ്രഹം പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിലെ ശിവലിംഗം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിനോട് ചേർന്ന് രാമന‍്റെയും സീതയുടെയും വി​ഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചത്. ഈ പ്രദേശം ഇനി മുതൽ ‘രാം ദർബാർ’ (രാമന്റെ കോടതി) എന്ന് അറിയപ്പെടുമെന്ന് സ്ഥലത്തെ പുരോഹിതന്മാർ പറ‌ഞ്ഞു. ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖിലാണ് സംഭവം.

അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്ന ദിവസം തന്നെയാണ് രാവണ ക്ഷേത്രത്തിലും രാമനെ പ്രതിഷ്ഠിച്ചത്. രാവണന്റെ പിതാവായ വിശ്രവന്റെ പേരിലാണ് ബിസ്രാഖ് എന്ന ഗ്രാമം അറിയപ്പെടുന്നത്. അവിടെയാണ് ഇരുവരും ജനിച്ചതെന്നാണ് ഐതിഹ്യം. ഇന്നലെ ‌രണ്ടായിരത്തോളം ആളുകൾ ക്ഷേത്രത്തിലെത്തി രാമന്റെയും സീതയുടെയും സഹോദരൻ ലക്ഷ്മണന്റെയും ഹനുമാന്റെയും വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ സ്ഥാപിക്കുകയായിരുന്നു. ജയ്ശ്രീരാം വിളിച്ച് കാവിക്കൊടികളുമായാണ് ഇവരെത്തിയത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് വി​ഗ്രഹങ്ങൾ എത്തിക്കുകയായിരുന്നു. ഘോഷയാത്രയായി എത്തിയ സംഘം 11 പുരോഹിതന്മാരുടെ സാന്നിധ്യത്തിലാണ് പ്രതിഷ്ഠ നടത്തിയത്.

അസുരരാജാവായ രാവണൻ ഈ ക്ഷേത്രത്തിൽ ശിവനെ ആരാധിച്ചിരുന്നതായാണ് വിശ്വാസമെന്ന് പൂജാരി രാംദാസ് പറഞ്ഞു. പ്രചീൻ ശിവക്ഷേത്രം (പുരാതന ശിവക്ഷേത്രം) എന്നാണ് ഈ അമ്പലം അറിയപ്പെടുന്നത്. ശ്രീകോവിലിൽ ശിവന്റെ പ്രതിഷ്ഠയാണുണ്ടായിരുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ബ്രഹ്മാവും പുലസ്ത്യ മുനിയും തപസ്സുചെയ്‌തിരുന്നതായി ഭക്തർ വിശ്വസിക്കുന്നു. ഈ തപസ്സിന്റെ ഫലമായി ശിവലിംഗം ഭൂമിയിൽ നിന്ന് പൊട്ടിവീഴുകയായിരുന്നുവെന്നുമാണ് വിശ്വാസം. ശിവലിം​ഗമിരിക്കുന്ന ശ്രീകോവിലിന്റെ ചുവരുകളിൽ രാവണന്റെ ജീവിതകഥയും കൊത്തിവച്ചിട്ടുണ്ട്.

കുറഞ്ഞത് 7000 വർഷം പഴക്കമുണ്ട് ക്ഷേത്രത്തിനെന്നാണ് പറയപ്പെടുന്നത്. രാവണന്റെയും വിഭീഷണന്റെയും കുംഭകർണ്ണന്റെയും പിതാവായ വിശ്രവന്റെ ജന്മസ്ഥലമാണ് ഈ ഗ്രാമമെന്ന് വിശ്വസിക്കപ്പെടുന്നു.പുതിയ പ്രതിഷ്ഠയോടെ ഈ വർഷത്തെ ദസറയ്ക്കായി കാത്തിരിക്കുകയാണെന്നും ശ്രീരാമന്റെ വിഗ്രഹത്തിനടുത്ത് രാവണന്റെ വി​ഗ്രഹം സ്ഥാപിച്ച് രണ്ടുപേരെയും ഒരുമിച്ച് ആരാധിക്കുമെന്നും പുരോഹിതൻ പറഞ്ഞു.