നഗരമധ്യത്തിലെ GCDAയുടെ ലിങ്ക് റോഡ് സ്വകാര്യവ്യക്തി JCB ഉപയോഗിച്ച് പൊളിച്ചു; 47 കുടുംബങ്ങൾ ദുരിതത്തിൽ
കലൂർ സ്‌റ്റേഡിയം റൗണ്ടിനോടുചേർന്ന് ജി.സി.ഡി.എ.യുടെ ലിങ്ക് റോഡ് സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയെന്ന് പരാതി. ഇതോടെ റോഡിനോടുചേർന്നുള്ള ഫ്ലാറ്റിലെ 47 കുടുംബങ്ങൾ ദുരിതത്തിലായി. രണ്ടു ജെസിബികളുമായെത്തിയാണ് റോഡ് പൊളിച്ചത്. സംഭവത്തിൽ കലൂർ സ്കൈലൈൻ ഇംപീരിയൽ ഫ്ലാറ്റിൽ താമസിക്കുന്ന മുജീബ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേർ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്
പ്രധാനമന്ത്രിയുടെ സന്ദർശന ദിവസമാണ് റോഡ് പൊളിച്ചത്. സ്റ്റേഡിയം റിംഗ് റോഡിൽ നിന്ന് ജിഡിസിഎ ലിങ്ക് റോഡിലേയ്ക്ക് താത്കാലിക ഗേറ്റ് അടച്ചുപൂട്ടിയ ശേഷമാണ് അതിക്രമം നടന്നത്. പൊലീസ് സ്ഥലത്തെത്തിയ ശേഷവും റോഡ് പൊളിച്ചു നീക്കുന്നത് തുടർന്നു. റോഡ് തകർത്തതോടെ കുടിവെള്ളടാങ്കറുകൾക്കും സ്‌കൂൾ വാഹനങ്ങൾക്കും ഫ്ലാറ്റിലേക്കെത്താൻ കഴിയുന്നില്ല.
റോഡ് പൊളിച്ച് മാറ്റിയവർക്കെതിരെ നാശനഷ്ടം ഉണ്ടാക്കിയത് കൂടാതെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. സംഭവം നടക്കുമ്പോൾ ഫ്‌ലാറ്റിൽ താമസിക്കുന്ന ചില സ്ത്രീകൾ ഇതിനെതിരേ രംഗത്തുവന്നപ്പോൾ പ്രതികൾ ഇവരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. അതിനിടെ റോഡ് തകർത്തതിനെതിരേ ജി.സി.ഡി.എ.യും പരാതി നൽകിയിട്ടുണ്ട്.
റോഡ് കൈയേറിയതറിഞ്ഞ് ജി.സി.ഡി.എ. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഭൂമി കയ്യേറ്റം, പൊതുമുതൽ, ജോലി തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകളിൽ കേസ് എടുക്കണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു. ജിസിഡിഎ റോഡിലെ നാല് മീറ്റർ പൊതുവഴി പൂർണമായി നശിപ്പിച്ചു. ഈ നാല് മീറ്റർ പൊതുവഴി തനിക്ക് മാത്രമുള്ളതാണെന്ന് അവകാശവാദവുമായി കെപി മുജീബ് റോഡിന്റെ ഏഴ് മീറ്റർ ജിസിഡിഎ റോഡിനോട് ചേർന്ന് മതിലുകെട്ടാൻ 2007ൽ ശ്രമിച്ചിരുന്നു.