ബിൽകിസ് ബാനു കേസിൽ കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ബിൽകിസ് ബാനു കേസിൽ ജയിലിൽ സാവകാശം തേടി പ്രതികൾ സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ആറാഴ്ച വരെ സമയം നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ് 3 പ്രതികൾ ഹർജി നൽകിയത്.
ജനുവരി 21നകം പ്രതികൾ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജറാകണം എന്നാണ് ജനുവരി 8 ലെ കോടതി ഉത്തരവ്. ഈ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമൻലാൽ ബട്ട്, രമേഷ് രൂപ ഭായ് ചന്ദന എന്നിവരാണ് സുപ്രിം കോടതിയിൽ ഹർജി നൽകിയത്. മാതാപിതാക്കളെ പരിചരിക്കാൻ മാറ്റാരുമില്ല എന്നതാണ് ഗോവിന്ദ ഭായ് ചൂണ്ടി കാണിച്ചിരിക്കുന്നത്. മകന്റെ വിവാഹം, വിളവെടുപ്പ് സമയം എന്നിവയാണ് മറ്റു പ്രതികൾ 6 ആഴ്ച സാവകാശം തേടുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബിൽകിസ് ബാനുവിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് നഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബഞ്ച് തന്നെ ആകും പ്രതികളുടെ ഹർജിയും പരിഗണിക്കുക.
Read Also: ‘പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരം സർക്കാരിനുണ്ട്’; ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത്
ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളുടെ മോചനത്തിന് അനുകൂലമായി ഗുജറാത്ത് സർക്കാർ മൗനം പാലിച്ചെന്നാണ് കോടതി നിരീക്ഷിച്ചത്. നിയമവിരുദ്ധമായ നിർദേശങ്ങൾ നൽകാൻ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഗുജറാത്ത് സ്വീകരിച്ചത്. ഗുജറാത്ത് മറ്റൊരു സംസ്ഥാനത്തിൻറെ അധികാരത്തിൽ വരുന്ന സംഭവം കവർന്നെടുക്കുകയും വിവേചനാധികാരം ദുരുപയോഗം ചെയ്യുകയും ചെയ്തു.
നിയമവ്യസ്ഥകളെയും കോടതിവിധികളെയും മാനിച്ചിരുന്നെങ്കിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമായിരുന്നെന്നും സുപ്രിം കോടതി പറഞ്ഞു. ഗുജറാത്ത് സർക്കാരിന് ഒരു അധികാരവുമില്ലാത്ത കേസിൽ പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാൽ ശിക്ഷായിളവ് നൽകിയ ഉത്തരവ് റദ്ദാക്കുന്നതായും സുപ്രിം കോടതി പറഞ്ഞു.
കേസിൽ ഗുജറാത്ത് സർക്കാർ പുനഃപരിശോധന സാധ്യത തേടുമെന്ന് സൂചനയുണ്ട്. സുപ്രിം കോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗുജറാത്ത് സർക്കാർ.