എംപി പ്രവീണിനെ ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റും; തലയ്ക്ക് ഏഴ് തുന്നലുകള്‍
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംപി പ്രവീണിനെയും തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റും. തലയുടെ മുറിവില്‍ നിന്ന് അടിക്കടിയുണ്ടാകുന്ന രക്തസ്രാവത്തെ തുടര്‍ന്നാണ് തീരുമാനം. ലാത്തി കൊണ്ടടിച്ച മുപ്പതിലധികം പാടുകളാണ് പ്രവീണിന്റെ ശരീരത്തിലുള്ളത്. മര്‍ദനത്തില്‍ തലയ്ക്ക് പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിനെ ബിലീവേഴ്‌സ് ആശുപ്രത്രിയിലേക്ക് മാറ്റി. പ്രവീണിനൊപ്പം ജനറല്‍ സെക്രട്ടറി ശരണ്യയെയും ഉച്ചക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
ലാത്തിച്ചാര്‍ജിനിടെ പുരുഷ പൊലീസാണ് മേഘ രഞ്ജിത്തിന്റെ തലക്കടിച്ചത്. തലക്ക് ഗുരുതരമായ പരിക്കേറ്റ മേഘയെ അപ്പോള്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ച്ചയായ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതോടെ തിരുവല്ലയിലെ ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ സിടി സ്‌കാനിന് ശേഷം നിരീക്ഷണത്തിലാണ് മേഘ. വിദഗ്ധ പരിശോധന തുടരാനാണ് തീരുമാനം.
Read Also : മുടി ചവിട്ടിപ്പിടിച്ച് മര്‍ദ്ദിച്ചു, വസ്ത്രം കീറി; കളക്ടറേറ്റ് മാര്‍ച്ചിനിടയിലെ പൊലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍
സംസ്ഥാന നേതാക്കളുള്‍പ്പെടെ ഗുരുതര പരുക്കേറ്റ് മെഡിക്കല്‍ കോളജിലുള്ളത് 16 പേരാണ്. രാവിലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. പിണറായി രക്ത ദാഹിയായ ആളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.
അതേസമയം പൊലീസിനെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ , ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം എംപി പ്രവീണ്‍ മേഘ എന്നിവരക്കം ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.