Kerala

സാഹിത്യകാരന്മാരുടെ പരാമർശങ്ങൾ മുഖവിലയ്ക്കെടുക്കുന്ന പാർട്ടിയാണ് സിപിഐഎം; എകെ ബാലൻ

Spread the love

സാഹിത്യകാരന്മാരുടെ പരാമർശങ്ങൾ മുഖവിലയ്ക്കെടുക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് മുതിർന്ന നേതാവ് എകെ ബാലൻ. പാർട്ടി സെക്രട്ടറി അക്കാര്യത്തിൽ വ്യക്തത വരുത്തിയതാണ്. എംടിയുടെയും എം മുകുന്ദൻ്റെയും പരാമർശങ്ങൾ പാർട്ടി പരിശോധിക്കുമെന്നും എകെ ബാലൻ പറഞ്ഞു.

പാർട്ടിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും പറ്റുന്ന പിശക് തിരുത്താൻ സിപിഐഎമ്മിൽ പ്രത്യേക സംവിധാനം ഉണ്ട്. തെറ്റ് തിരുത്തൽ പ്രക്രിയ സിപിഐഎമ്മിന്റെ അജണ്ടയാണ്. ഇന്ത്യയിലെ മറ്റൊരു പാർട്ടിക്കും അത് അവകാശപ്പെടാൻ സാധിക്കില്ല. എംടിയുടെയും എം.മുകുന്ദന്റെയും പരാമർശങ്ങളെല്ലാം തെറ്റ് തിരുത്തൽ പ്രക്രിയ നടത്തുമ്പോൾ പാർട്ടി പരിശോധിക്കും.

സിപിഐഎം ജനവികാരങ്ങൾ മാനിച്ചുകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സിപിഐഎം ജനങ്ങളുടെ മുമ്പിൽ ഉണ്ടാവും. എം.ടിയെ സിപിഐഎമ്മിന്റെ ചെരിപ്പ് നക്കിയെന്ന് പരാമർശിച്ചവരാണ് ഇപ്പോൾ എംടിയെ പുകഴ്ത്താൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേരള ലിറ്ററേച്ചൽ ഫെസ്റ്റിവൽ സംവാദ വേദിയിലാണ് എം ടി വാസുദേവൻ നായരും എം മുകുന്ദനും രാഷ്ട്രീയ വിമർശനമുയർത്തിയത്. ‘അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ കുഴിവെടി മൂടി. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട് തന്നെ’. എന്നീ തരത്തിലായിരുന്നു എംടിയുടെ വാക്കുകൾ.

കിരീടങ്ങൾ വാഴുന്ന കാലമാണ് ഇപ്പോഴുള്ളത്. സിഹാസനത്തിൽ ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളത്. കിരീടത്തെക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എം മുകുന്ദൻ പറഞ്ഞു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു പരാമർശം. പുസ്തകത്തിലെ ഒരു വരിയെ ഉദ്ധരിച്ചുകൊണ്ട് സിപിഐഎം നേതാവ് എം സ്വരാജ് ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു എം മുകുന്ദൻ. അധികാരകേന്ദ്രങ്ങൾ പ്രാധാന്യം നൽകുന്നത് കിരീടത്തിനാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വോട്ട് ചെയ്യേണ്ടത് ചോരയുടെ പ്രാധാന്യം നോക്കിയാണ്, കിരീടത്തിന്റേതല്ല. ജനാധിപത്യ രാജ്യത്താണ് നമ്മൾ ജീവിക്കുന്നവതെന്നും സിംഹാസനത്തിൽ ഇരിക്കുന്നവർ അതിൽ നിന്നിറങ്ങണമെന്നും എം മുകുന്ദൻ പറഞ്ഞു.