‘സമസ്തയോ ലീഗോ, ആരെ ഭയന്നാണ് കോൺഗ്രസിൻ്റെ ഈ തീരുമാനം?’; രാമക്ഷേത്ര വിഷയത്തിൽ വി മുരളീധരൻ
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസിന്റെ തീരുമാനം ഹിന്ദുക്കളോടുള്ള അവഹേളനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരെ ഭയന്നാണ് കോൺഗ്രസ് ഈ തീരുമാനമെടുത്തത്? നാല് വോട്ടിന് വേണ്ടിയുള്ള വിലകുറഞ്ഞ നടപടിയാണിതെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
ആരെ ഭയന്നാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തിരിക്കുന്നത്? സമസ്തയെ ഭയന്നാണോ? മുസ്ലീം ലീഗിനെ ഭയന്നാണോ? കോൺഗ്രസ് പറയണം. ഉത്തരേന്ത്യയിലുള്ള ചില കോൺഗ്രസ് നേതാക്കൾ അഖിലേന്ത്യാ കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തെ അംഗീകരിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്ലിം ലീഗിന്റെ കാൽക്കൽ അടിയറവ് പറഞ്ഞിരിക്കുന്നുവെന്നും വി മുരളീധരൻ.
രാഷ്ട്രീയ രാമൻ പ്രയോഗത്തിനും അദ്ദേഹം മറുപടി പറഞ്ഞു. രാമക്ഷേത്രം ബിജെപിയോ ആർഎസ്എസോ സ്ഥാപിക്കുന്ന ക്ഷേത്രമല്ല. രാജ്യത്തെ മുഴുവൻ ഹിന്ദുക്കളുടെതുമാണ്. പള്ളിയിൽ പോകുന്നത് ജനാധിപത്യത്തിന് എതിരല്ല, ക്ഷേത്രത്തിൽ പോകുന്നത് ജനാധിപത്യത്തിന് എതിരാണോ? ഇതാണ് കോൺഗ്രസ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൈവെട്ട് കേസിലെ പ്രതി 13 വർഷം മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത് അയാളുടെ മിടുക്കല്ല. മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടയാണ് മട്ടന്നൂർ. ഭീകരവാദികൾക്ക് ഒളിഞ്ഞം തെളിഞ്ഞും മാർക്സിസ്റ്റ് പാർട്ടി പിന്തുണ നൽകുന്നു. കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമാക്കാൻ ഈ സംഭവം വഴിയൊരുക്കുമോ എന്ന് കേരളത്തിലെ ജനങ്ങൾ ഭയക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.