ഇനി എല്ലാം സേഫ്; തേഡ് പാർട്ടി കുക്കീസിന് വിലക്കിട്ട് ഗൂഗിൾ; ക്രോം ബ്രൗസറിന് ‘ട്രാക്കിങ് പ്രൊട്ടക്ഷൻ’
ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് ഉപയോഗിച്ചിരുന്ന തേഡ് പാർട്ടി കുക്കീസിന് തടയിട്ട് ഗൂഗിൾ ക്രോം. ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ‘ട്രാക്കിങ് പ്രൊട്ടക്ഷൻ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഈ ഫീച്ചർ വിൻഡോസ്, മാക്, ലിനക്‌സ്, ആൻഡ്രോയിഡ്, ഐഒഎസ് എന്നീ ഓപ്പറേറ്റിഹ് സിസ്റ്റങ്ങളിൽ ലഭ്യമാകും. എന്നാൽ ഇത് ആദ്യം ലഭ്യമാകുക ആഗോള ഉപഭോക്താക്കളിൽ ഒരു ശതമാനത്തിലേക്ക് മാത്രമാണ്. പരീക്ഷണാർഥമാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വിജയിച്ചാൽ മറ്റു ഉപയോക്താക്കളിലേക്ക് ഈ ഫീച്ചർ ഗൂഗിൾ എത്തിക്കും.
ഫീച്ചർ ലഭ്യമാകുന്ന ഉപഭോക്താക്കളെ ഗൂഗിൾ അക്കാര്യം അറിയിക്കും. തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്തുന്നതിൽ എതിർപ്പ് അറിയിച്ച് ചില പരസ്യദാതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ തേഡ് പാർട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയിൽ ബ്രൗസ് ചെയ്യാൻ സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.
പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്സൈറ്റുകൾ പറയുന്നത്. കുക്കീസ് ഉപയോഗപ്പെടുത്തിയാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു പരിധി വരെ സൈറ്റുകൾ തിരിച്ചറിയുന്നത്. ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്താവാനും ബ്രൗസറിന്റെ പ്രവർത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്.
നമ്മൾ ചില വെബ്സൈറ്റുകൾ സന്ദർശിച്ചതിന് ശേഷം ആ വെബ്സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിങ്ങൾ ഓൾലൈനിൽ കാണുന്നതിന് കാരണം തേഡ് പാർട്ടി കുക്കീസാണ്. ഇനി മുതൽ ഇങ്ങനെ ഒരു ബുദ്ധമുട്ട് ഉപയോക്താക്കൾ നേരിടാതിരിക്കാനാണ് പുതിയ ഫീച്ചർ ഗൂഗിൾ എത്തിച്ചിരിക്കുന്നത്.