2,400 കിലോഗ്രാം ഭാരം, മുഴക്കം രണ്ട് കിലോമീറ്റർ വരെ, ചെലവ് 25 ലക്ഷം; രാമക്ഷേത്രത്തിനുള്ള ഭീമൻ അമ്പലമണി അയോധ്യയിൽ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി ദിവസങ്ങൾ മാത്രം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഇതിനിടെ ഭീമൻ അമ്പലമണിയെ വരവേറ്റിരിക്കുകയാണ് രാമക്ഷേത്രം. ലക്ഷങ്ങൾ വിലമതിക്കുന്ന പടുകൂറ്റൻ മണി ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിൽ നിന്നും ട്രെയിൻ മാർഗം ചൊവ്വാഴ്ചയാണ് അയോധ്യയിലെത്തിയത്.
2,400 കിലോഗ്രാം ഭാരമുള്ള അമ്പലമണി നിർമിച്ചിരിക്കുന്നത് ‘അഷ്ടധാതു’ (എട്ട് ലോഹങ്ങൾ; സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിൻ, ഇരുമ്പ്, മെർക്കുറി) കൊണ്ടാണ്. ആറടി ഉയരവും അഞ്ചടി വീതിയുമുള്ള മാണിയുടെ മുഴക്കം രണ്ട് കിലോമീറ്റർ ചുറ്റളവിൽ കേൾക്കാൻ കഴിയും. മുപ്പതോളം തൊഴിലാളികളുടെ അശ്രാന്ത പരിശ്രമമാണ് ഈ മാസ്റ്റർപീസ് യാഥാർത്ഥ്യമാക്കിയത്. 25 ലക്ഷം രൂപയാണ് നിർമാണ ചെലവ്.
രാജ്യത്തെ ഏറ്റവും വലിയ മണികളിൽ ഒന്നാണിത്. ജലേസർ നഗറിലെ പ്രമുഖ മെറ്റൽ വ്യവസായി ആദിത്യ മിത്താലും പ്രശാന്ത് മിത്താലും ചേർന്നാണ് ക്ഷേത്രത്തിന് ഭീമൻ അമ്പലമണി സംഭാവന ചെയ്തത്. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച സഹോദരൻ വികാസ് മിത്താലിന് വേണ്ടിയാണ് ഇരുവരും ചേർന്ന് മണി നൽകിയത്.
2019 നവംബറിലെ സുപ്രീം കോടതി തീരുമാനത്തിന് തൊട്ടുപിന്നാലെ വികാസ് ക്ഷേത്രത്തിനായി അമ്പല മണി തയ്യാറാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ 2022 ൽ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സഹോദരന്റെ ആഗ്രഹം ഇരുവരും ചേർന്ന് സഫലമാക്കിയത്.