സിവിൽ തർക്കങ്ങളിലെ വൈരാഗ്യം മൂലം കൊലപാതക പരമ്പരയിൽ പ്രതിയാക്കി’; വിടുതൽ ആവശ്യവുമായി ജോളി സുപ്രിം കോടതിയിൽ
കൂടത്തായി കൊലപാതകത്തിൽ വിടുതൽ ആവശ്യവുമായി പ്രതി ചേർക്കപ്പെട്ട ജോളി ജോസഫ് സുപ്രിം കോടതിയിൽ. അഭിഭാഷകനായ ആളൂർ മുഖേനയാണ് ഹർജ്ജി സമർപ്പിച്ചത്. സിവിൽ തർക്കങ്ങളിലെ വൈരാഗ്യം മൂലം തന്നെ കൊലപാതക പരമ്പരയിൽ പ്രതി ആക്കിയെന്ന് ജോളി ആരോപിക്കുന്നു.
മരണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ആരോപണവും അന്വേഷണവും കുറ്റപത്രവും തനിക്കെതിരെ ഉണ്ടായത്. ആരോപണങ്ങളും കുറ്റപത്രവും ഇല്ലാതെ തെളിവുകൾ തനിയ്ക്ക് എതിരെ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും ജോളി അവകാശപ്പെടുന്നു. വിടുതൽ ഹർജ്ജി തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ജോളി ആളൂർ മുഖേന സുപ്രിം കോടതിയെ സമീപിച്ചത്.
2011ലാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേൽനോട്ടത്തിൽ ആറ് അന്വേഷണസംഘങ്ങൾ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളിൽ കൂടി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.