ഡൽഹിയിൽ 12 കാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ മൂന്ന് പേർ കുട്ടികൾ, 5 പേർ അറസ്റ്റിൽ
രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി സദർ ബസാറിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും മറ്റൊരാളുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒരു സ്ത്രീയാണ് കുട്ടിയെ എത്തിച്ച് നൽകിയതെന്നും പൊലീസ് പറഞ്ഞു. കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.
ജനുവരി ഒന്നിനാണ് സംഭവം. ഡൽഹി സദർ ബസാറിലെ ചായക്കടക്കാരനാണ് കേസിലെ മുഖ്യപ്രതി. ഇയാൾ ഛത്തീസ്ഗഢ് സ്വദേശിയാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ 12, 14, 15 വയസ്സ് പ്രായമുള്ള സ്റ്റാളിലെ തൊഴിലാളികളാണ് മറ്റ് പ്രതികൾ. പുതുവത്സരം ആഘോഷിക്കാൻ ഒരു പെൺകുട്ടിയെ ഏർപ്പാടാക്കാൻ ചായക്കട ഉടമ, പ്രാദേശത്തെ ശുചീകരണ തൊഴിലാളിയായ ഒരു സ്ത്രീയോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് പ്രതികൾ രാത്രി തങ്ങാൻ വേണ്ടി പ്രദേശത്തെ അടച്ചിട്ട കെട്ടിടത്തിനുള്ളിൽ പ്ലാസ്റ്റിക് ടാർപോളിൻ ഉപയോഗിച്ച് താൽക്കാലിക ഷെൽട്ടർ നിർമിച്ചു. അടുത്ത ദിവസം യുവതി 12 വയസുകാരിയെ കണ്ടുമുട്ടി. സ്ക്രാപ്പ് പെറുക്കിയാണ് പെൺകുട്ടിയും ജീവിച്ചിരുന്നത്. ഖുർഷിദ് മാർക്കറ്റിലുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് മാലിന്യം ശേഖരിക്കാനുണ്ടെന്നും, പണം നൽകാമെന്നും പറഞ്ഞ് സ്ത്രീ പെൺകുട്ടിയെ സമീപിച്ചു.
പെൺകുട്ടി പ്രദേശത്തെത്തുമ്പോൾ പ്രതികളായ നാല് പേരും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് പ്രതികൾ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ശേഷം സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നോർത്ത് വെസ്റ്റ് ഡൽഹിയിലെ വീട്ടിൽ മടങ്ങിയ പെൺകുട്ടി രണ്ട് ദിവസം ആരോടും ഒന്നും പറഞ്ഞില്ല. ജനുവരി അഞ്ചിന് സദർ ബസാറിൽ മാലിന്യം ശേഖരിക്കാൻ മടങ്ങിയെത്തിയപ്പോൾ പരിസരത്ത് താമസിക്കുന്ന ബന്ധുവിനോടാണ് കുട്ടി പീഡന വിവരം പറയുന്നത്. ബന്ധു മാതാപിതാക്കളെ വിവരമറിയിക്കുകയും വീട്ടുകാർ പൊലീസിനെ സമീപിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം നടപടിയെടുക്കുകയും യുവതി ഉൾപ്പെടെ അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺകുട്ടിയെ എത്തിച്ചുകൊടുക്കാൻ പ്രതി പണം നൽകിയതായി പൊലീസ് കണ്ടെത്തി.